ഭോപ്പാൽ: വിവാഹം കഴിഞ്ഞ ശേഷം ഭാര്യയെ തുടർപഠനത്തിന് അനുവദിക്കാത്തത് ക്രൂരതയാണെന്ന നിലപാടുമായി മധ്യപ്രദേശ് ഹൈക്കോടതി. ഇത് വിവാഹമോചനത്തിനുള്ള കാരണമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം തന്നെ ഭർത്താവും, ഭർതൃവീട്ടുകാരും തുടർപഠനത്തിന് അനുവദിച്ചില്ലെന്നും, വിവാഹമോചനം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യുവതി നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതി വിധി. ജസ്റ്റിസ് വിവേക് റുസിയ, ജസ്റ്റിസ് ഗജേന്ദ്ര സിങ് എന്നിവരടങ്ങുന്ന ഇൻഡോർ ഡിവിഷൻ ബെഞ്ചിന്റെതായിരുന്നു വിധി.
പഠനം തുടരാൻ അനുവദിക്കാത്തത് മാത്രമല്ല, പഠനം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതും ഭാര്യയുടെ സ്വപ്‌നങ്ങൾ തകർക്കുന്നതിന് തുല്ല്യമാണെന്നും കോടതി പറഞ്ഞു. മാത്രമല്ല വിദ്യാഭ്യാസമില്ലാത്ത, സ്വയം മെച്ചപ്പെടാൻ ആഗ്രഹവുമില്ലാത്ത ഒരാളോടൊപ്പം ജീവിക്കാൻ പെൺകുട്ടികളെ നിർബന്ധിക്കരുതെന്നും, ഇത് മാനസിക പീഡനമാണെന്നും വിഷയത്തിൽ ചൂണ്ടികാട്ടുകയുണ്ടായി . 1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരം ഇത് വിവാഹമോചനത്തിന് അനുമതി നൽകാനുള്ള കാരണമാണെന്നും കോടതി വിശദമാക്കി.
2015ലായിരുന്നു ഹർജിക്കാരിയുടെ വിവാഹം. 12ാം ക്ലാസ് വരെ പഠിച്ച യുവതിയെ പഠനം തുടരാൻ ഭർത്താവും ഭർതൃവീട്ടുകാരും അനുവദിച്ചില്ല. ഇതോടെയാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചത്. പക്ഷെ യുവതി ഉന്നയിച്ച വിഷയം വിവാഹമോചനത്തിനുള്ള കാരണമല്ലെന്നായിരുന്നു കുടുംബ കോടതിയുടെ പ്രതികരണം. ഇതേ തുടർന്ന് നീതി കിട്ടുന്നതിനായി യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.