തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാനുമായി പോലീസ് തെളിവെടുപ്പ് നടത്തി. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിലായിരുന്നു ആദ്യ തെളിവെടുപ്പ് നടത്തിയത്. പിന്നാലെ വെഞ്ഞാറമൂടിലെ അഫാന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി.
പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലിസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടന്നത്. അഫാന്‍റെ അമ്മൂമ്മ സൽമാബീവിയുടെ വീട്ടിലേക്കാണ് ആദ്യമെത്തിയത്. നിരവധിയാളുകൾ ഇവിടെ തടിച്ചു കൂടിയിരുന്നു. തുടർന്ന് അഫാൻ കൊല നടത്തിയ രീതി വിശദീകരിച്ചു. പത്തു മിനിറ്റ് നേരത്തെ തെളിവെടുപ്പിനുശേഷം വെഞ്ഞാറമൂടിലെ വീട്ടിലെത്തി. ഇവിടെ വെച്ച് അമ്മയെ ആക്രമിച്ചതും സഹോദരനെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയത് എങ്ങനെയാണെന്നും വിശദീകരിച്ചു.
വെഞ്ഞാറമൂടിലെ തെളിവെടുപ്പ് അര മണിക്കൂർ നീണ്ടു. തുടർന്ന് അഫാനെ പാങ്ങോട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാത്രി ഏഴോടെയാണ് പാങ്ങോട് സ്റ്റേഷനിലെത്തിച്ചത്. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഇതിനു പിന്നാലെ വെഞ്ഞാറമൂട് പൊലീസ് അഫാനെ കസ്റ്റഡിയിൽ വാങ്ങും.