മലപ്പുറം: കോഡൂരിൽ ബസ് ജീവനകകരുടെ ആക്രമണത്തിന് ഇരയായ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് ബസ് എടുക്കുന്നതിന് മുമ്പേ ആളെ എടുത്തെന്നതാണ് ആക്രമണത്തിന് പിന്നിലെ കാരണം.
സംസാരിച്ചു തീർക്കാൻ കഴിയുമായിരുന്ന വിഷയമാണ് ഒരാളുടെ ജീവനെടുക്കുന്ന തരത്തിലേക്ക് കൊണ്ടെത്തിച്ചത്. മഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് മർദിച്ചത്. സംഭവത്തിൽ ബസ് ജീവനക്കാരായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓട്ടോറിക്ഷയെ പിന്തുടർന്നെത്തിയ ബസ് ജീവനക്കാർ വാഹനം തടഞ്ഞു നിർത്തി അബ്ദുൾ ലത്തീഫിനെ മർദിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തിന് ശേഷം സ്വയം ഓട്ടോറിക്ഷ ഓടിച്ചാണ് ലത്തീഫ് ആശുപത്രിയിലേക്ക് പോയത്.
പക്ഷെ ആശുപത്രിയിലെത്തിയതും അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ മരണം സംഭവിക്കുകയും ചെയ്തു. മരണ കാരണം ഇനിയും വ്യക്തമായിട്ടില്ല. ലത്തീഫിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.









