ലണ്ടൻ: കാപ്പി കുടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മലയാളി യുവാവ് യുകെയിലെ ലീഡ്‌സിൽ വെച്ച് മരിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ സി. എച്ച്. അനീഷ് ഹരിദാസ് (39) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട അനീഷിന് ഉടൻ തന്നെ സിപിആർ ഉൾപ്പടെയുള്ള നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് അനീഷിന്റെ മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറു മാസം മുൻപാണ് അനീഷ് ലീഡ്‌സ് ഹോസ്പിറ്റലിൽ നഴ്സായ ഭാര്യ ദിവ്യയുടെ ആശ്രിത വീസയിൽ യുകെയിൽ എത്തിയത്. ഇരുവർക്കും രണ്ടു പെണ്മക്കളുണ്ട്.
അതേസമയം അനീഷിന് അസുഖങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് ഭാര്യ പറയുന്നത്. പൊലീസ് എത്തി തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി. മൃതദേഹം നാട്ടിലെത്തിക്കാനായി ലീഡ്‌സ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടക്കുകയാണ്.