കൊച്ചി: പുതുവർഷം തുടങ്ങിയതു മുതൽ ആഗോളവിപണിയിൽ സ്വർണവില റോക്കറ്റ് പോലെ കുതിക്കുകയാണ്. ഒരു ദിവസം സ്വർണവിലയിൽ ചെറിയൊരു ഇടിവുണ്ടായാൽ പോലും തൊട്ടടുത്ത ദിവസം ഇരട്ടി വർദ്ധനവാണ് ഉണ്ടാകുന്നത്.
ആഗോള വിപണിയിൽ ഉണ്ടാകുന്ന അനിശ്ചിതത്വവും ലോകബാങ്കുകൾ സുരക്ഷിത നിക്ഷേപമെന്ന രീതിയിൽ സ്വർണം വാങ്ങിക്കൂട്ടുന്നതുമാണ് വില വർദ്ധിക്കാനുളള പ്രധാന കാരണങ്ങളായി വിദഗ്ദർ പറയുന്നത്.
2025ൽ ഇനിയും സ്വർണവില ഉയരുമെന്ന് ലോകബാങ്കുകളും വിദഗ്ദരും പ്രവചിച്ചതോടെ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 87,000ന് മുകളിലെത്തിയിരുന്നു. യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും പ്രാദേശികമായി സ്വർണത്തിന് ആവശ്യക്കാരേറിയതും സ്വർണവില ഉയരാൻ കാരണമായി എന്നു പറയാം.
വീണ്ടും റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച സ്വർണവിലയിൽ പക്ഷെ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 360 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 64,160 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പക്ഷെ സ്വർണവില ഇന്ന് കൂടിയെന്നാണ് ഒരു വിഭാഗം ജ്വല്ലറി വ്യാപാരികൾ പറയുന്നത്. എന്നാൽ കുറഞ്ഞു എന്നാണ് മറ്റൊരു വിഭാഗം അറിയിച്ചത്.
8020 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ദിവസങ്ങൾക്കുള്ളിൽ ആയിരം രൂപ ഇടിഞ്ഞ ശേഷം കഴിഞ്ഞ രണ്ടുദിവസം കൊണ്ട് സ്വർണവില പഴയ നിലയിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടർന്നാണ് ഇന്ന് വില ഇടിഞ്ഞത്.
കേരളത്തിൽ ജ്വല്ലറി വ്യാപാരികൾക്കിടയിലെ ഭിന്നതയാണ് സംസ്ഥാനത്ത് പലവില സാഹചര്യത്തേലക്ക് നയിക്കുന്നത്. ജ്വല്ലറി വ്യാപാരികൾക്കിടയിൽ തന്നെ ഭിന്നത രൂക്ഷമാണ്.
കേരളത്തിലെ സ്വർണ വ്യാപാരികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (AKGSMA) തെറ്റിപ്പിരിഞ്ഞ് രണ്ട് സംഘടനയായതാണ് പ്രധാന പ്രശ്‌നം.
രണ്ട് ചേരിയായി തിരിഞ്ഞ് രണ്ട് വില ഈടാക്കുന്നതാണ് നിലവിലെ സാഹചര്യം. രണ്ട് കൂട്ടരുടേയും വിലകൾ തമ്മിൽ അത്യാവശ്യം നല്ല വ്യത്യാസമുണ്ട് എന്നതും ശ്രദ്ധേയമാണ്.
ഒരുവിഭാഗം പവന് 360 രൂപ കുറച്ചപ്പോൾ മറുവിഭാഗം 80 രൂപ കൂട്ടി. ഇന്ന് കേരളത്തിലെ സ്വർണ വില സൂചിക കാണിക്കുന്നത് ഇങ്ങനെയാണ്. ഒരു കൂട്ടർ പവന് 360 രൂപ കുറച്ചിട്ടുണ്ട്. ഇവരുടെ ഇന്നത്തെ പവൻ വില 64,160 രൂപയാണ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 8,020 രൂപയുമായിട്ടുണ്ട്.
മറുവിഭാഗമാവട്ടെ 80 രൂപ കൂട്ടുകയാണ് ചെയ്തത്. ഇവരുടെ കണക്കനുസരിച്ച് 64,480 രൂപയാണ് പവൻ വില. ഗ്രാമിന് 10 രൂപ കൂടി 80,60 രൂപയായിരിക്കുന്നു. 320 രൂപയുടെ വ്യത്യാസമുണ്ട് ഇരുകൂട്ടരുടെയും പവൻ വില തമ്മിൽ. 18 കാരറ്റ് സ്വർണവില ഗ്രാമിന് 6,635 രൂപയാണ്. 106 രൂപയായി വെള്ളി ഗ്രാമിന്.
ഫെബ്രുവരി 25ന് കുറിച്ച പുതിയ റെക്കോഡായ 64,600 രൂപ മറികടന്ന് കുതിക്കുമെന്ന സൂചന നൽകിയാണ് കഴിഞ്ഞ രണ്ടു ദിവസം സ്വർണവില ഉയർന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയിൽ പ്രതിഫലിക്കുന്നത്.
കഴിഞ്ഞ ജനുവരി 22നാണ് പവൻ വില ചരിത്രത്തിൽ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങൾക്കകം 64,000 കടന്ന് സ്വർണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. നിലവിലെ റെക്കോർഡ് ഭേദിച്ച് സ്വർണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകർ.