കൊച്ചി: കാക്കനാട് തെങ്ങോട് ഗവ. ഹൈസ്കൂളിൽ വിദ്യാർഥിനിക്ക് നേരെ നായ്ക്കുരണ പൊടി എറിഞ്ഞ സംഭവത്തിൽ അധ്യാപകര്‍ക്കെതിരെ നടപടി. മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്യുകയും ഒരു അധ്യാപികയെ സ്ഥലം മാറ്റുകയും ചെയ്തു. പി.എസ്. ശ്രീകാന്ത്, ജിഷ ജോസഫ്, എൻ.എസ്. ദീപ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
അധ്യാപികയായ ആർ.എസ്. രാജിയെയാണ് സ്ഥലംമാറ്റിയത്. സഹപാഠികൾ നായ്ക്കുരണ പൊടി എറിഞ്ഞതിനെ തുടർന്ന് ഒരു മാസമായി ദുരിതം അനുഭവിക്കുന്ന പെൺകുട്ടിയെ കുറിച്ചുള്ള വാർത്ത വന്നതിനു പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്‌ടർ ഓഫിസിലെയും ഡിഇഒ, എഇഒ ഓഫിസിലെയും ഉദ്യോഗസ്ഥർ കുട്ടിയുടെ വീട്ടിലും സ്‌കൂളിലുമെത്തി വിവരങ്ങൾ ശേഖരിച്ചു.
ശാരീരിക അവശതകൾ മൂലം വിശ്രമിക്കുന്ന കുട്ടിക്ക് എസ്എസ്എൽസി പരീക്ഷ എഴുതാൻ സഹായിയെ നൽകാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ സ്വയം പരീക്ഷ എഴുതിക്കൊള്ളാം എന്നായിരുന്നു വിദ്യാർഥിനിയുടെ മറുപടി. അതേസമയം ക്ലാസിൽ കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടയുണ്ടായ അപകടം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് സ്കൂൾ അധികൃതർ നൽകിയ വിശദീകരണം.