വാഷിങ്ടൺ: യു.എസ്സിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആക്കാനുള്ള നീക്കവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിനായുള്ള എക്‌സിക്യുട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചേക്കുമെന്ന് വൈറ്റ്ഹൗസ് കേന്ദ്രങ്ങളെ അടിസ്ഥാനമാക്കി വാർത്താ ഏജൻസിയായ എ.പി. റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സർക്കാരും സർക്കാർ ഫണ്ട് ലഭിക്കുന്ന ഏജൻസികളും ഇംഗ്ലീഷ് സംസാരിക്കാത്തവർക്ക് ഭാഷാസഹായം നൽകണമെന്ന് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ ഇറക്കിയ ഉത്തരവ് റദ്ധാക്കുന്ന തരത്തിലുള്ളതാവാം ട്രംപിന്റെ ഉത്തരവ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷിനെ പരിഗണിക്കുന്നതിലൂടെ രാജ്യത്തെ ഐക്യം വർധിപ്പിക്കാനും, സർക്കാർ പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കാനും സാധിക്കുമെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ അവകാശപ്പെടുന്നത്.
നിലവിൽ യു.എസ്സിലെ 50 സംസ്ഥാനങ്ങളിൽ 30-ലേറെ സംസ്ഥാനങ്ങളും ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള നിയമം പാസാക്കിയവയാണെന്നാണ് യു.എസ്. ഇംഗ്ലീഷ് പറയുന്നു. ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയാക്കണമെന്ന് ആവശ്യപ്പെടുന്ന സംഘമാണ് യു.എസ്. ഇംഗ്ലീഷ്.
പതിറ്റാണ്ടുകളായി യു.എസ്. കോൺഗ്രസിലെ അംഗങ്ങൾ ഇംഗ്ലീഷ് ഔദ്യോഗികഭാഷയാക്കാനായുള്ള നിയമനിർമ്മാണത്തിനായുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അതൊന്നും തന്നെ ഫലം കണ്ടിരുന്നില്ല.
ട്രംപ് യു.എസ്. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മണിക്കൂറുകൾക്കകം തന്നെ വൈറ്റ്ഹൗസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ സ്പാനിഷ് ഭാഷയിലുള്ള പതിപ്പ് അദ്ദേഹം നീക്കം ചെയ്തിരുന്നു. സ്പാനിഷ് സംഘടനകൾ ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചു.
ദൈനംദിനകാര്യങ്ങൾക്കായി സർക്കാർ ഉപയോഗിക്കുന്ന ഭാഷയാണ് ഔദ്യോഗിക ഭാഷ എന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസ് പറയുന്നത്. യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് 350-ലേറെ ഭാഷകൾ സംസാരിക്കുന്നവരാണ് നിലവിലുള്ളത്.
ഒരു ഭാഷയ്ക്ക് മാത്രം മുൻഗണന നൽകുകയും ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കുകയും ചെയ്യുന്നതിലൂടെ കുറച്ചാളുകൾക്ക് മാത്രം അധികാരം കയ്യാളാൻ സാധിക്കുന്ന അവസ്ഥയുണ്ടാക്കുമെന്നും ആ ഭാഷ സംസാരിക്കാത്തവർ പുറന്തള്ളപ്പെടുമെന്നും ഐ.ഡി.ഇ.എ. വ്യക്തമാക്കി.