തൊഴിൽ വിസയിലെത്തുന്ന കുടിയേറ്റക്കാർക്ക് യു.കെ.യിൽ പി.ആർ. ലഭിക്കുന്നതിന്റെ കാലയളവ് 10 വർഷം തുടർച്ചയായി യു.കെ.യിൽ താമസിക്കുന്നവർക്ക് മാത്രം എന്ന രീതിയിൽ ഒട്ടേറെ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ടോറി ലീഡറായ ‘കെമി ബെഡനോക്കിന്റെ’ പ്രസ്താവനകളെ തുടർന്നാണ് ഇത്തരം പ്രചരണങ്ങൾ ശക്തമായത്.
പി.ആർ. ലഭിക്കാൻ നിലവിലുള്ള അഞ്ചുവർഷ കാലയളവ് 10 വർഷമായി ഉയർത്തണമെന്ന് ബെഡനോക്ക് പറയുന്നു. ക്രിമിനൽ രേഖകളുള്ള കുടിയേറ്റക്കാർക്കൊ സാമൂഹിക ഭവനങ്ങൾ അവകാശപ്പെട്ടവർക്കൊ പി.ആർ. അനുവദിക്കരുത് എന്നും ഇവർ പറയുന്നു.
കൺസർവേറ്റീവ് പാർട്ടിയുടെ വോട്ടുകളിൽ കണ്ണുവെച്ചാണ് ഈ നീക്കമെന്ന് വിശ്വസിക്കപ്പെടുന്നു. വിവിധ അന്തർദേശീയ പ്രാദേശിക മാധ്യമങ്ങൾ ബെഡനോക്കിൻ്റെ പ്രസ്താവനയ്ക്ക് വലിയ പ്രാധാന്യം നൽകിയതോടെയാണ് ഇക്കാര്യങ്ങൾ ചർച്ചയായത്.
എന്നാൽ യു.കെ.യിലേക്ക് വരാൻ തിരഞ്ഞെടുക്കുന്ന ആളുകളെ ആകർഷിക്കുന്ന ഘടകമായി പൗരത്വം മാറിയിട്ടുണ്ട് എന്നതിന് കുറച്ച് തെളിവുകളേയുള്ളു എന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വ്യക്താവ് ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചു.
നിലവിൽ തൊഴിൽ വിസയിൽ യു.കെ യിൽ എത്തുന്നവർക്ക് അഞ്ചു വർഷത്തിന് ശേഷം പി.ആർ. (I.L.R .) ന് അപേക്ഷിക്കാൻ തടസമില്ല. പ്രത്യേക വിസകളിൽ എത്തുന്നവർക്ക് മൂന്നു വർഷത്തിന് ശേഷം അപേക്ഷിക്കാം. പി.ആർ. (I. L. R.) ലഭിച്ച് 12 മാസത്തിനു ശേഷം, നിലവിൽ ഒരാൾക്ക് ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കാം. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ് എന്നാണ് അറിയുന്നത്.