കൊച്ചി: അമിത ബില്ല് നൽകിയ ശേഷം പണം അടയ്ക്കാൻ വിസമ്മതിച്ചപ്പോൾ കണക്ഷൻ കട്ടുചെയ്ത വാട്ടർ അതോറിറ്റിയുടെ നടപടിക്കെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.
അധികമായി നൽകിയ ബിൽ കുറവ് ചെയ്ത്, വിഛേദിച്ച വാട്ടർ കണക്ഷൻ പുനസ്ഥാപിച്ച ശേഷം 5000 രൂപ നഷ്ടപരിഹാരമായി പരാതിക്കാരന് നൽകണമെന്നും കേരള വാട്ടർ അതോറിറ്റി പിറവം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കോടതി ഉത്തരവ് നൽകി.
എറണാകുളം മുളന്തുരുത്തി സ്വദേശി കെ കെ ചെല്ലപ്പൻ നായർ എന്ന മുതിർന്ന പൗരനാണ് പരാതി നൽകിയത്. 2016 ഏപ്രിൽ മാസം വരെ പരാതിക്കാരൻ കൃത്യമായി ബില്ല് വാട്ടർ അതോറിറ്റിയിൽ അടയ്ക്കുമായിരുന്നു.
എന്നാൽ 2016 ഏപ്രിൽ മാസത്തിനു ശേഷം 34,295 രൂപയുടെ അധിക ബിൽ വാട്ടർ അതോറിറ്റി പരാതിക്കാരന് നൽകി. വാട്ടർ അതോറിറ്റിയുടെ അദാലത്തിൽ ഈ പ്രശ്നം ഉന്നയിച്ചെങ്കിലും പരിഹരിക്കപ്പെട്ടില്ല.
ഇതേതുടർന്നാണ് നിയമവിരുദ്ധമായ നൽകിയ ബിൽ റദ്ദാക്കണമെന്നും വാട്ടർ കണക്ഷൻ പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
എന്നാൽ ബില്ലിൽ പരാമർശിച്ച തുക ഒടുക്കാൻ ഉപഭോക്താവ് ബാധ്യസ്ഥൻ ആണെന്ന നിലപാടാണ് കോടതിയിലും വാട്ടർ അതോറിറ്റി സ്വീകരിച്ചത്. എന്നാൽ വെള്ളത്തിൻറെ മോഷണമോ ചോർച്ചയോ ഉണ്ടായോയെന്ന് പരിശോധിച്ചതിൻ്റെ യാതൊരു റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചതുമില്ല.
ഇതെല്ലാം കണക്കിലെടുത്താൽ വാട്ടർ അതോറിറ്റിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമിക വ്യാപാര രീതിയുമാണെന്ന് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് ഇറക്കിയത്.