മലപ്പുറം: അന്യ സംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോണും പണവും കവരുന്നത് പതിവാക്കിയ യുവാവ് പിടിയിൽ. പാണ്ടിക്കാട് സ്വദേശി സുനീർ ബാബുവിനെയാണ് (41) നിലമ്പൂർ പൊലീസ് പിടികൂടിയത്. നിലമ്പൂർ ജില്ല ആശുപത്രിക്കു മുന്നിലെ കെട്ടിടത്തിൽ വാടകക്ക് താമസിക്കുന്ന രണ്ട് ബംഗാൾ സ്വദേശികളുടെ പണവും മൊബൈൽ ഫോണും ഇയാൾ തട്ടിയെടുത്തെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സുനീറിനെ പിടികൂടിയത്. ബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ വിലപിടിപ്പുള്ള രണ്ട് മൊബൈലുകളും 27,000 രൂപയും ഇയാൾ മോഷ്ടിക്കുകയായിരുന്നു.
കരാറുകാരനെന്ന പേരിൽ തൊഴിലാളികളെ സമീപിക്കും, കെട്ടിടത്തിൻറെ ഉടമയാണെന്നും കള്ളം പറഞ്ഞ് പലവിധ പണികൾ ചെയ്യിക്കും. ജോലി ആരംഭിക്കുന്നതിനു മുമ്പ് തൊഴിലാളികൾ മാറ്റിവെക്കുന്ന ഫോണുകളും പണവും കൈക്കലാക്കും. ഇതായിരുന്നു സുനീറിൻറെ സ്ഥിരം മോഷണ രീതി.
ഈ രീതിയിൽ പരാതിക്കാരുടെ പണവും ഫോണുകളും ഇയാൾ മോഷ്ടിക്കുന്ന സി.സി.ടി.വി ദൃശ‍്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്യ സംസ്ഥാനം തൊഴിലാളികളുടേത് മാത്രമല്ല സ്വദേശികളുടേയും ഫോണുകൾ ഇത്തരത്തിൽ കവർച്ച നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു.









