മലപ്പുറം: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66ൻ്റെ പണികൾ എൺപത്തിനാല് ശതമാനം പൂർത്തിയായി. ഈ വർഷം ഡിസംബർ അവസാനത്തോടെ ദേശീയപാത നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. ദേശിയ പാത നിർമ്മാണത്തിന്റെ ഭാഗമായി കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള ഏഴ് മേൽപാലങ്ങളുടെ നിർമാണം ഇതിനോടകം തന്നെ പൂർത്തിയായി കഴിഞ്ഞു.
രാമനാട്ടുകര-ഇടിമൂഴിക്കൽ ഭാഗത്ത് എട്ടുവരിപ്പാത തയാറാക്കി കഴിഞ്ഞു, കോഴിക്കോട്-മലപ്പുറം അതിർത്തിയിൽ പണി അവസാനഘട്ടത്തിലാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് വളവുകൾ നിവർത്തി. പാണമ്പ്ര വളവ് പൂർണമായും അപ്രത്യക്ഷമായി. ദേശീയപാത നിർമാണം പൂർത്തിയായാൽ മലപ്പുറം ജില്ല കടക്കാൻ വെറും 55 മിനിറ്റ് മതിയാകും .
കണ്ണൂരിൽ ദേശീയപാതയുടെ നിർമാണം 70 ശതമാനം പൂർത്തിയായിട്ടുണ്ട്. കാലിക്കടവ് മുതൽ മുഴപ്പിലങ്ങാട് വരെയുള്ള ദേശീയപാത നിർമാണം അതിവേഗം നടക്കുകയാണ്. കാലിക്കടവ് മുതൽ തളിപ്പറമ്പ് വരെയുള്ള റീച്ചിൽ നിർമാണം 72 ശതമാനത്തിലെത്തി.
ആറു വരിയിൽ നവീകരിക്കുന്ന രാമനാട്ടുകര-വെങ്ങളം 28.400 കിലോമീറ്റർ ദേശീയപാതയുടെ നിർമാണം അവസാന ഘട്ടത്തിലേക്ക് കടന്നു. മെയ് 30ആണ് കാസർകോട്-മലപ്പുറം ദേശീയപാത നിർമാണം പൂർത്തിയാക്കാൻ അനുവദിച്ചിരിക്കുന്ന സമയപരിധി.