മദ്യവും മയക്കുമരുന്നും പോലെ മൊബൈൽ ഫോണിന്റെ അമിതോപയോഗം കുട്ടികളിൽ മാനസികവും ശാരീരികവുമായ സങ്കീർണാവസ്ഥ സൃഷ്ടിക്കുന്നതായി വനിത -ശിശു വികസന വകുപ്പിന്റെ കണ്ടെത്തൽ. 2023 മുതൽ 2024 അവസാനം വരെ 15,261 കുട്ടികൾക്കാണ് ഇതുമായി ബന്ധപ്പെട്ട് ചികിത്സ നൽകിയത്. വകുപ്പിന്റെ ജില്ലാ റിസോഴ്സ് കേന്ദ്രങ്ങൾ, പാരന്റിങ് ക്ലിനിക്കുകൾ, സ്‌കൂൾ കൗൺസലിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിലാണ് പ്രശ്നത്തിന്റെ വ്യാപ്തി വ്യക്തമായത്.
അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കുട്ടികളിൽ പഠനത്തിലെ പിന്നാക്കാവസ്ഥ, മറ്റുള്ള വരുമായി പൊരുത്തപ്പെടാനുള്ള പ്രശ്‌നം, വിഷാദരോഗം, ഉത്കണ്ഠ, അമിത മാനസികസമ്മർദം, ആത്മഹത്യാ പ്രവണത എന്നിവ കണ്ടെത്തി. ഇത് ലഹരി ഉപയോഗിക്കുന്നവരുടേതിനു തുല്യമാണെന്നും പറയുന്നു.
പോഷകാഹാരക്കുറവ്, വ്യായാമക്കുറവ്, ഉറക്കമില്ലായ്മ എന്നിവയും ഇത്തരം കുട്ടികളിൽ പ്രകടമാണ്. ഇവരിൽ മസ്തിഷ വികാസത്തിനും താമസമുണ്ടാകും. പേശീവികസനക്കുറവ്, പൊണ്ണത്തടി എന്നിവ യ്ക്കും കാരണമാകും.
ഇത്തരം കുട്ടികളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വനിത-ശിശു വികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളാണ് ഇടപെടുന്നത്. വനിത -ശിശു വികസന വകുപ്പ് മുഖേന കുട്ടികളിലും രക്ഷിതാക്കളിലും ബോധവത്കരണം നടത്തുന്നുണ്ട്.
ഗുരുതര കേസുകൾ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലൂ ടെയാണ് പരിഹരിക്കുന്നത്. മാനസികാരോഗ്യ പ്രൊഫഷണലു കളുടെ സഹായം ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് സൗകര്യ മൊരുക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിലെ മാനസികാരോഗ്യം ഒ.പി.യിൽ ഇതു ലഭ്യമാണ്.
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ബിഹേവിയറൽ പീഡിയാട്രിക് ഒ.പി.യിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും വിശദമായ മാനസിക വിദ്യാഭ്യാസം നൽകുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളിൽ ‘സൗഹൃദ’ ക്ലബ്ബുകളും ഒരുക്കിയിട്ടുണ്ട്.
Content Summary: Serious health problems caused by phone use in children