കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസൽ (60) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
12 വർഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. ഒരു മാസം മുൻപാണ് കോട്ടയം ജില്ലാ സെക്രട്ടറിയായി റസലിനെ തിരഞ്ഞെടുത്തത്. വി റസൽ 1981ൽ പാർട്ടി അംഗമായി.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, 7 വർഷം കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു. ചേർത്തല എസ്എൻ കോളജിലെ പഠനശേഷം എവി റസൽ യുവജന രംഗത്തേക്ക് എത്തുകയായിരുന്നു.
മുൻ ജില്ലാ സെക്രട്ടറിയിരുന്ന വി.എൻ. വാസവൻ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോൾ റസൽ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു.