ഡൽഹി: ഡൽഹിയിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ഗാസിയാപൂരിലും ന്യൂ അശോക് നഗറിലുമായി രണ്ട് കൊലപാതകങ്ങളാണ് നടന്നത്. ആറ് കിലോമീറ്റർ മാത്രം വ്യത്യാസത്തിലാണ് ഈ രണ്ട് കൊലപാതകങ്ങളും നടന്നത്. അധികം വൈകാതെ തന്നെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത അഞ്ച് പേരടങ്ങുന്ന സംഘമാണ് ഈ കൊലപാതകങ്ങൾക്കും പിന്നിൽ.
ന്യൂ അശോക് നഗറിൽ ഒരാൾ കുത്തേറ്റു കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കണ്ടത് ജല ബോർഡ് ട്രീറ്റ്മെൻറ് പ്ലാൻറിനടുത്ത് ഒരാൾ ചോരവാർന്ന നിലയിൽ കിടക്കുന്നതാണ്. ഇയാൾക്ക് നിരവധി തവണ കുത്തേറ്റിരുന്നതായി പൊലീസ് പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാൾ മരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
വൈകുന്നേരത്തോടെയാണ് അടുത്ത കൊലപാതക വിവരം പൊലീസിന് ലഭിക്കുന്നത്. ഗാസിയാപൂരിൽ ഒരു ലിക്കർ ഷോപ്പിന് സമീപം ഒരാൾ മരിച്ചു കിടക്കുന്നു എന്നാണ് വിവരം ലഭിച്ചത്. ഗാസിയാപൂർ സ്വദേശി രമേശ് (49) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ തുടയിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു കൊലപാതകങ്ങളും ചെയ്തത് ഒരു സംഘമാണെന്ന് മനസിലായത്.
ഗാസിയാപൂരിലെ ലിക്കർ ഷോപ്പിനു സമീപം പിറന്നാളാഘോഷത്തിനായി എത്തിയതായിരുന്നു പ്രതികൾ. അവിടെവച്ച് രമേശുമായി വാക്കു തർക്കം ഉണ്ടാവുകയും അയാളെ കുത്തുകയുമായിരുന്നു. അതിനു ശേഷം പ്രതികൾ ന്യൂ അശോക് നഗറിലേക്ക് പോയി. റോഡിലുടെ പോവുകയായിരുന്ന ഒരാളെ കൊള്ളയടിക്കാൻ ശ്രമിക്കുകയും, എതിർത്തതോടെ അയാളെ കുത്തുകയായിരുന്നു. അഞ്ചുപേരും മദ്യ ലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഇന്നലെ വൈകുന്നേരം പൊലീസ് അറസ്റ്റ് ചെയ്തു.