റിയാദ്: സൗദിയിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു. മലപ്പുറം താനൂർ കാരാട് സ്വദേശി സിപി നൗഫൽ (45) ആണ് മരിച്ചത്. യാംബുവിനടുത്ത് ഉംലജിൽ വെച്ചാണ് അപകടമുണ്ടായത്.
ഗ്ലാഡിങ്, ഗ്ലാസ് ഫിറ്റിങ് ജോലിയാണ് നൗഫൽ ചെയ്തിരുന്നത്. ജോലിനടക്കുന്ന കെട്ടിടത്തിന്‍റെ മുകളിൽ നിന്നു താഴേക്ക് വീഴുകയായിരുന്നു. ബുധനാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. തലക്ക് സാരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെയോടെ മരണം സംഭവിച്ചു.
15 വർഷത്തോളമായി സൗദി പ്രവാസിയായ ഇദ്ദേഹം ഒരു വർഷത്തോളമായി ഉംലജിൽ ആണ് ജോലി ചെയ്യുന്നത്. സൗദിയിലും നാട്ടിലും വിവിധ സാമൂഹിക സേവനപ്രവർത്തങ്ങളിൽ പങ്കാളിയായിരുന്നു നൗഫൽ. വി.വി.എൻ. കുഞ്ഞിമൂസ, സി.പി. ഫാത്തിമ എന്നിവരുടെ മകനാണ്. ഭാര്യ: നബീല, മക്കൾ: അഫാൻ ബിൻ നൗഫൽ, ആയിഷ ബിൻത് നൗഫൽ, അദീം ബിൻ നൗഫൽ.