അമ്പനായെത്തി പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ സജിൻ ഗോപു എന്ന നടന്റെ മറ്റൊരു വിസ്മയമാണ് ‘പൈങ്കിളി’. നടൻ ശ്രീജിത്ത് ബാബു ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി പൈങ്കിളിക്കുണ്ട്. ചിത്രത്തിന്റെ ടൈറ്റിലിനോട് നീതി പുലർത്തുന്ന പടം തന്നെയാണ് പ്രണയ ദിനത്തിൽ സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ഈ ചിത്രം.
സൂപ്പർ ഹിറ്റായ രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിതു മാധവൻ രചന നിർവഹിക്കുന്ന ചിത്രം. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെയും അർബൻ ആനിമലിന്റെയും ബാനറിൽ ഫഹദ് ഫാസിലും ജിതു മാധവനും ചേർന്നൊരുക്കുന്ന ചിത്രമാണിത്.
ചെറിയ ഗ്രാമത്തിലെ വളരെ സാധാരണമായ ഒരു കൂട്ടം മനുഷ്യരും അവർക്കിടയിൽ നടക്കുന്ന ചില സംഭവങ്ങളും തമാശ രൂപേണ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ചെയ്ത കഥാപാത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച സജിൻ ഗോപു എന്ന നടന്റെ കരിയറിൽ സുകു എന്ന കഥാപാത്രം ഒരു പൊൻ തൂവലാവുക തന്നെ ചെയ്യും. ഷീബ ബേബി എന്ന കഥാപാത്രമായി പോലെ അനശ്വരയും തകർത്താടി. ലളിതമായ രീതിയിൽ മുന്നോട്ട് പോകുന്ന കഥയിൽ വന്നു പോകുന്ന ഓരോരുത്തരും തങ്ങളുടെ ഭാഗങ്ങൾ ഗംഭീരമാക്കുക തന്നെ ചെയ്തു.
വിവാഹം കഴിക്കാൻ താത്പര്യമില്ലാത്ത ഷീബ ബേബിയിൽ നിന്നാണ് കഥ തുടങ്ങുന്നത്. വീട്ടിൽ ഉറപ്പിക്കുന്ന വിവാഹലോചനകളിൽ നിന്ന് രക്ഷപെടാൻ ഒളിച്ചോടിക്കൊണ്ടിരിക്കുന്ന ഷീബ ബേബിയെ രസകരമായാണ് അനശ്വര അവതരിപ്പിച്ചിരിക്കുന്നത്. വളരെ ലൗഡായ പ്രത്യേകിച്ച് ആരോടും ഒരു കമ്മിറ്റ്മെന്റും ഇല്ലാത്ത ഒരു പെൺകുട്ടി.
കല്യാണത്തിൽ നിന്ന് രക്ഷപെടാൻ ഒറ്റയ്ക്കല്ല ഒളിച്ചോടെണ്ടത് ഒരു പ്രണയം വേണമെന്നും ആ പ്രണയിക്കുന്ന ആളുടെ കൂടെവേണം ഒളിച്ചോടാൻ എന്ന കൂട്ടുകാരിയുടെ വാക്കുകൾ ഉൾകൊണ്ട ഷീബ ബേബി പിന്നീട് അങ്ങോട്ട് ഒരു പ്രണയത്തിനായി തുനിഞ്ഞിറങ്ങുകയാണ്. ഇതിനായി പലരെയും കണ്ടെത്തുമെങ്കിലും നിരാശയാണ് ഫലം.
ഫേസ്ബുക്കിൽ ക്രിഞ്ച് പോസ്റ്റുകളിട്ട് സ്വയം അഭിമാനിക്കുന്നു ഒരു പഴഞ്ചൻ കഥാപാത്രമാണ് സുകു. അച്ഛൻ സുജിത് കുമാർ. അച്ഛന്റെ ഉറ്റ സുഹൃത്ത് അകാലത്തിൽ മരണപ്പെടുമ്പോൾ സുകു എന്ന കൂട്ടുകാരന്റെ പേര് മകന് നൽകുകയാണ് അച്ഛൻ. കവലയിൽ സ്റ്റിക്കർ കട നടത്തുന്ന സുകു നാട്ടുകാർക്ക് വലിയ ഉപകരിയാണെങ്കിലും വീട്ടുകാർക്ക് യാതൊരുവിധ ഉപകാരവും ചെയ്യാത്ത ഒരു ചെറുപ്പക്കാരനാണ്.
പ്രണയം തനിക്ക് ഉണ്ടാവില്ല എന്ന ദൃഢനിശ്ചയത്തിൽ മൊബൈൽ കവറിൽ ‘നോ ലൗ’ സ്റ്റിക്കർ ഒട്ടിച്ച് കൊണ്ട് നടക്കുകയാണ് സുകു. നാട്ടിലെ കുഞ്ഞായിയും സുകുവിനെ കണ്ടു പഠിക്കാൻ വീട്ടുകാർ അയച്ച പാച്ചനുമാണ് സുകുവിന്റെ ഇടവും വലവും. നാട്ടിലെ മദ്യപാനം മുതൽ എല്ലാത്തിനും കൂടെ നിൽക്കുന്നവർ. സുകുവിന് ലോകത്ത് ഏറ്റവും ഇഷ്ടമുള്ള തന്റെ ബുള്ളറ്റ് ആരെയും തൊടാൻ പോലും അനുവദിക്കില്ല.
പാച്ചനുമായി നടത്തുന്ന കോയമ്പത്തൂർ യാത്രയിൽ വളരെ യാദൃശ്ചികമായി സംഭവിക്കുന്ന ചില കാര്യങ്ങൾ സുകുവിന്റെ അന്നേവരെയുള്ള ജീവിതം മാറ്റി മറിക്കുന്നു. ഒരു വള്ളിയിൽ നിന്ന് ഊരാൻ മറ്റൊരു വള്ളിയിലേക്ക് പോയി ചാടുന്ന സുകുവിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഷീബ ബേബി വരുമ്പോൾ രംഗം കൂടുതൽ സംഘർഷഭരിതമാകുന്നു. കോമഡി നിറച്ച പൈങ്കിളിയിൽ ഗൗരവകരമായ പല കാര്യങ്ങളും പറഞ്ഞു പോകുന്നുമുണ്ട്. ഇത്തരം പ്രണയ കഥ സ്ഥിരം കണ്ടു പരിചയമില്ലാത്തതിനാൽ ക്ലൈമാക്സ് തിയേറ്ററുകളിൽ കൈയ്യടികൾ നിറച്ചു.
ജിസ്മ വിമൽ അവതരിപ്പിച്ച സുമയുടെ വേഷം എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. സുകുവിനോട് പ്രണയം കൊണ്ട് നടക്കുന്ന കൂട്ടുകാരന്റെ പെങ്ങൾ സുമ തിയേറ്ററിൽ ചിരിമഴ പെയ്യിച്ചു. വില്ലൻ വേഷങ്ങളിൽ മലയാളികൾ കണ്ടു പരിചയിച്ച അബു സലീം സുജിത് കുമാറായി സുകുവിന്റെ അച്ഛൻ വേഷം ഗംഭീരമാക്കി.
സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശരി തങ്കൻ കൊച്ചച്ചൻ എന്ന വേഷത്തിലെത്തി പ്രേക്ഷകനെ ചിരിപ്പിക്കുന്നുണ്ട്. റിയാസ് ഖാൻ അവതരിപ്പിച്ച കഥാപാത്രവും തിയേറ്ററിൽ ചിരി ഉണർത്തി. ജസ്റ്റിൻ വർഗീസിന്റെ സംഗീതവും അർജുൻ സേതുവിന്റെ സിനിമട്ടോഗ്രഫിയും കിരൺ ദാസിന്റെ എഡിറ്റിങ്ങും കൂടി ചേരുമ്പോൾ തന്നെയാണ് പൈങ്കിളിയ്ക്ക് പൂർണത വരുന്നത്.