കോട്ടയം: ഗാന്ധിനഗർ ഗവൺമെന്റ് നഴ്സിങ് കോളജിലെ റാഗിങ് കേസിൽ കൂടുതൽ പരാതികൾ ലഭിക്കാൻ സാധ്യതയെന്ന് പൊലീസ്. ഇതുവരെ ലഭിച്ച 6 പരാതികളിൽ ഒന്നിൽ മാത്രമാണ് നിലവിൽ പൊലീസ് കേസെടുത്തത്. കൂടുതൽ പരാതികൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ.
കോളജും ഹോസ്റ്റലും കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കും. പ്രശ്നം പഠിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഞ്ചംഗ സമിതി കോളേജിൽ എത്തി തെളിവെടുപ്പ് നടത്തും. ആവശ്യമെങ്കിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും എന്നും പോലീസ് വ്യക്തമാക്കി. എന്നാൽ റാഗിങ് സംബന്ധിച്ച് അറിവില്ലായിരുന്ന കോളജ് അധികൃതരുടെ നിലപാടും പോലീസ് വിശ്വാസനിച്ചിട്ടില്ല.
കുട്ടികൾ ക്രൂര പീഡനമേറ്റ് കരഞ്ഞപ്പോൾ ഹോസ്റ്റൽ വാർഡൻ പൊലും കേട്ടില്ലെന്ന മൊഴിയും അവിശ്വസീയമാണ് എന്നും പോലീസ് അറിയിച്ചു. ഇക്കാര്യങ്ങൾ പൊലീസ് പരിശോധിക്കും. പ്രതികളായ സാമൂവൽ, ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ്, വിവേക് എന്നിവരെ കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ക്രൂരപീഡനത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ ഫോണിൽ പകർത്തിയിട്ടുണ്ട്. പ്രതികളുടെ ഫോണുകൾ ശാസ്ത്രീയ പരിശോധനയക്ക് അയക്കും.