കല്‍പ്പറ്റ: വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ വയനാട്ടിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ. യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താൽ പ്രഖ്യാപിച്ചത്.
ദിനംപ്രതി ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടപ്പെട്ടിട്ടും ഒരു നടപടിയുമെടുക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ഹർത്താലെന്ന യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ കെ അഹമ്മദ് ഹാജിയും കണ്‍വീനര്‍ പി ടി ഗോപാലക്കുറുപ്പും അറിയിച്ചു. അതേസമയം അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നി ആവശ്യങ്ങള്‍ക്കുള്ള യാത്രകളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായും നേതാക്കള്‍ അറിയിച്ചു.
വയനാട്ടില്‍ കഴിഞ്ഞ രണ്ടുദിവസമായി കാട്ടാന ആക്രമണത്തില്‍ രണ്ടുപേരാണ് മരിച്ചത്. ഇന്ന് കര്‍ഷക സംഘടനയായ ഫാര്‍മേഴ്‌സ് റിലീഫ് ഫോറം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നി സംഘടനകള്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.