നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിൽ സംസ്ഥാന സർക്കാർ അവകാശപ്പെട്ടത് സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണം കുറഞ്ഞു എന്നാണ്. എന്നാൽ ഈ നയപ്രഖ്യാപനം വെറും പൊള്ളയാണെന്ന് തെളിയുകയാണ് ഇപ്പോൾ. 24 മണിക്കൂറിനിടെ രണ്ട് ജീവനുകളാണ് കാട്ടാന എടുത്തത്. പ്രതിഷേധം ശക്തമായതോടെ പത്തു ലക്ഷം നഷ്ടപരിഹാരം നൽകി തടിയൂരാനാണ് സർക്കാർ നീക്കം.
ഇന്നലെ ഇടുക്കിയിലും ഇന്ന് വയനാട്ടിലുമാണ് കാട്ടാന രണ്ടുപേരുടെ ജീവനെടുത്തത്. വയനാട്ടിൽ നൂൽപ്പുഴയിലാണ് ഇന്ന് കാട്ടാന ആക്രണമുണ്ടായത്. കാപ്പാട് ഉന്നതിയിലെ മാനു ആണ് മരിച്ചത്. വൈകിട്ട് മാനുവും ഭാര്യയും കടയിൽ പോയി മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം. മാനുവിന്റെ ഭാര്യയെ കാണാനില്ല. മൃതദേഹത്തിന് സമീപത്ത് നിന്നും ഷാൾ ലഭിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഓഫീസർമാർ സ്ഥലത്ത് എത്തിയിട്ടുണ്ട്. നാട്ടുകാർ വലിയ പ്രതിഷേധമാണ് ഇവിടെ ഉയർത്തുന്നത്.
ഇടുക്കിയിലാണ് കാട്ടാന ആക്രമണത്തിൽ ആദ്യം മരണം റിപ്പോർട്ട് ചെയ്തത്. പെരുവന്താനം ചെന്നാപ്പാറ നെല്ലിവിള പുത്തൻവീട്ടിൽ ഇസ്മായിലിന്റെ ഭാര്യ സോഫിയയെ ആണ് കഴിഞ്ഞദിവസം കാട്ടാന ചവിട്ടിക്കൊന്നത്. കാണാതായതിനെ തുടർന്ന് മകൻനടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടേയും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.