ന്യൂയോർക്ക്:മെറ്റയിൽ ഇന്നുമുതൽ കൂട്ടപിരിച്ചുവിടൽ ആരംഭിക്കും. വിവിധ രാജ്യങ്ങളിലായി 3000 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻറെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. കഴിഞ്ഞവർഷം 10,000 ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിരുന്നു.
സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ പിരിച്ചുവിടല്ലെങ്കിൽ, ഇന്ന് കൂടുതൽ മെഷീൻ ലേണിങ് എൻജിനീയർമാരെ നിയമിക്കുന്നതിൻറെ ഭാഗമായാണ് നിലവിലുള്ള ജീവനക്കാരെ ഒഴിവാക്കുന്നത് . പ്രാദേശിക നിയന്ത്രണങ്ങൾ കാരണം ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിലെ ജീവനക്കാരെ നടപടി ബാധിക്കില്ല.
അതേസമയം, മറ്റു യൂറോപ്യൻ രാജ്യങ്ങളിലെയും ഏഷ്യ, ആഫ്രിക്ക രാജ്യങ്ങളിലെയും ജീവനക്കാരെയാണ് മെറ്റ പിരിച്ചുവിടുന്നത്. മോശം പ്രകടനം നടത്തുന്ന കമ്പനിയിലെ അഞ്ചു ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞമാസമാണ് മെറ്റ അറിയിച്ചത്. ഇതുപ്രകാരം 3000ലധികം ജീവനക്കാർക്കാണ് തൊഴിൽ നഷ്ട്ടമായേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മെറ്റ സി.ഇ.ഒ മാർക് സക്കർബർഗ് ഇക്കാര്യത്തിൽ സ്ഥിരീകരണനം നൽകിയിട്ടുണ്ട്. കമ്പനിയുടെ പ്രവർത്തന നിലവാരം ഉയർത്തുന്നതിൻറെ ഭാഗമായാണ് നടപടിയെന്നും ശരാശരിക്കും താഴെയുള്ള ജീവനക്കാരെ ഉടൻ ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിക്ക് 2025 വെല്ലുവിളി നിറഞ്ഞതാണെും അദ്ദേഹം കൂട്ടിച്ചേർത്തു.