എല്ലാക്കാലത്തും കുടുംബ ചിത്രങ്ങൾക്ക് മലയാള സിനിമയിൽ പ്രാധാന്യം ഏറെയാണ്. പഴമയും പുതുമയും ഒത്തിണങ്ങി കുടുംബം പശ്ചാത്തലമായി തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ് ജോജു ജോർജ്, സുരാജ് വെഞ്ഞാറമ്മൂട്, അലൻസിയർ എന്നിവർ ‘ടൈറ്റിൽ കഥാപാത്രങ്ങളായ ‘ നാരായണീന്റെ മൂന്നാണ്മക്കൾ ‘.
നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം, ഗുഡ്‍വിൽ എൻറർടെയ്ൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് നിർമിച്ചിരിക്കുന്നത്. ഒരു നാട്ടിൻപുറത്തെ തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്.
കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഢിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മ എന്ന വൃദ്ധ തന്റെ ജീവിതത്തിന്റെ അവസാനനിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മരണംകാത്തുകിടക്കുന്ന ഈ അമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. കുടുംബത്തിൽ നിന്നും ചില പ്രത്യേക സാഹചര്യങ്ങളാൽ അന്യദേശത്തേക്ക് മാറിനിന്നിരുന്ന ഇളയ മകൻ്റെ കടന്നു വരവോടെ ആ കുടുംബത്തിലുണ്ടാവുന്ന സംഭവങ്ങളാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.
പേര് സൂചിപ്പിക്കുന്നതുപോലെ നാരായണി, അവരുടെ മൂന്നാണ്മക്കൾ എന്നിവരെ ചുറ്റിപ്പറ്റി തന്നെയാണ് കഥ. വിശ്വൻ, സേതു, ഭാസ്കരൻ എന്നിവരാണ് നാരായണിയുടെ മൂന്നാണ്മക്കൾ. വിശ്വനും ഭാസ്കരനും തറവാട്ടിൽനിന്ന് അകന്നാണ് കഴിയുന്നത്. നാട്ടിൽത്തന്നെയുള്ള രണ്ടാമനായ സേതുവാണ് അമ്മയുടെ കാര്യങ്ങൾ നോക്കുന്നത്. വീട്ടിലെ മൂത്ത മകൻ എന്നതിന്റെ എല്ലാ അഹങ്കാരവും അധികാരവും ഉള്ളിൽക്കൊണ്ടുനടക്കുന്നയാളാണ് വിശ്വൻ. സഹോദരന്മാർ തനിക്കുതാഴെയാണ് നിൽക്കേണ്ടത് എന്ന ഉറച്ച വിശ്വാസത്തിലാണ് ഇയാൾ. സേതു പൊതുവേ ശാന്ത സ്വഭാവക്കാരനാണ്.
അമ്മയുടെ അവസാനസമയങ്ങളിൽ മക്കൾ മൂന്നുപേരും അടുത്തുണ്ടാവണം എന്ന ഇയാളുടെ ആഗ്രഹത്തിൻമേലാണ് വിശ്വനും ഭാസ്കരനും നാട്ടിലെത്തുന്നത്. ബന്ധങ്ങൾപോലെ ഇത്രമേൽ കുഴഞ്ഞുമറിഞ്ഞ വേറൊരു സംഗതിയില്ലെന്നതാണ് സേതുവിന്റെ വിശ്വാസം. മൂന്നാമനായ ഭാസ്കരനാകട്ടെ ഏറെ നാൾ നാടുമായും വീടുമായും ബന്ധമില്ലാതെ കഴിഞ്ഞതിന്റെ എല്ലാവിധ പ്രശ്നങ്ങളുമുണ്ട്. മൂന്ന് സഹോദരന്മാരുടെ ജീവിതത്തിനൊപ്പം മറ്റൊരു കഥ കൂടി ചിത്രം പറയുന്നുണ്ട്. വിശ്വന്റെ മകളായ ആതിരയുടേയും ഭാസ്കരന്റെ മകനായ നിഖിലിന്റെയും. തനി നാടൻ കഥാപാത്രങ്ങൾ തന്നെയാണ് ചിത്രത്തിലുടനീളം കാണാൻ കഴിയുക .