യു കെ: യുകെയിൽ 22 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി കേസിൽ അമ്മയുടെ പങ്കാളിയെ ശിക്ഷിച്ച് കോടതി. 25 വർഷം തടവ് ശിക്ഷയാണ് യു കെ കോടതി വിധിച്ചത്. 38 കാരനായ ക്രിസ്റ്റഫർ സ്റ്റോക്ക്ടൺ ആണ് പങ്കാളിയുടെ കുഞ്ഞിനെ കൊലപ്പെടുത്തിയത്.
22 മാസം പ്രായമുള്ള ചാർളി റോബർട്ട്‌സാണ് മരിച്ചത്. കുഞ്ഞിന്റെ അമ്മ നേത്ര പരിശോധനയ്ക്ക് പുറത്ത് പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്. സ്റ്റോക്ക്ടൺ കുഞ്ഞിനെ മനഃപൂർവ്വം എടുത്ത് എറിഞ്ഞതായി പ്രോസിക്യൂഷൻ നിക്കോളാസ് ലംലി കെസി ജൂറിമാരോട് പറഞ്ഞു. പ്രതിയെ കുറിച്ച് കുട്ടിയുടെ അമ്മ പോള റോബർട്ട്‌സിന് സംശയങ്ങൾ ഉണ്ടായിരുന്നു. ഇവർ മകന്റെ കട്ടിലിന് മുകളിൽ ഒരു സ്പൈ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിലെ ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്.
കൊലപാതകം, ബാലപീഡനം എന്നീ കുറ്റങ്ങളാണ് ക്രിസ്റ്റഫർ സ്റ്റോക്ക്ടണ് മേൽ ആരോപിക്കപ്പെട്ടിരുന്നത്. കുഞ്ഞിന്റെ അമ്മയായ 41 കാരി പോള റോബർട്ട്‌സിന് കുട്ടിയെ നിരുത്തരവാദമില്ലാതെ കൈകാര്യം ചെയ്ത കുറ്റത്തിന് നാല് വർഷം തടവിന് ശിക്ഷ വിധിച്ചിട്ടുണ്ട്.