കൊച്ചി: പോലീസ് സ്റ്റേഷനിൽ സാധനങ്ങൾ തല്ലി തകർത്ത് മോഷണക്കേസില്‍ പിടിയിലായ പ്രതികൾ. അമ്പലമേട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ലോക്കപ്പും മേശയുടെ ഗ്ലാസും ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് പ്രതികൾ നശിപ്പിച്ചത്.(Robbery case suspect attacked police station)
കരിമുകള്‍ സ്വദേശികളായ അജിത്ത് ഗണേശന്‍ (28), അഖില്‍ ഗണേശന്‍ (26) ആദിത്യന്‍ (23) എന്നിവരാണ് സ്റ്റേഷനുള്ളിൽ പരാക്രമം കാട്ടിയത്. മോഷണക്കേസിൽ കഴിഞ്ഞ ദിവസം നാട്ടുകാരുടെ സഹായത്തോടെയാണ് ഇവരെ അമ്പലമേട് പൊലീസ് പിടികൂടിയത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച ഇവർ ലോക്കപ്പിനുള്ളിലെ പൈപ്പുകളും ഗ്രില്ലുകളും പ്രതികള്‍ തകർത്തുവെന്ന് പോലീസ് പറയുന്നു. മേശയുടെ മുകളിലെ ഗ്ലാസും ലാപ്ടോപ്പും തകർത്തു. 30,000 രൂപയിലധികം നാശനഷ്ടം സംഭവിച്ചതായി എസിപി പിവി ബേബി പറഞ്ഞു.
കൂടാതെ വനിതാ പൊലീസുകാരോടു മോശമായി പെരുമാറുകയും ബക്കറ്റിലെ വെള്ളം ശരീരത്തിലേക്ക് ഒഴിക്കുകയും ചെയ്തതായും ആരോപണമുണ്ട്. പ്രതികളെ വൈദ്യ പരിശോധനയ്ക്കു കൊണ്ടു പോകാന്‍ വാഹനത്തിലേക്കു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. അതേസമയം പ്രതികളുടെ ബന്ധുക്കള്‍ വാഹനം തടയാന്‍ ശ്രമിച്ചതു സംഘര്‍ഷത്തിനിടയാക്കി.