ബെംഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ് കോളേജ് പ്രിൻസിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്‌പെൻഡ് ചെയ്തു. പ്രിൻസിപ്പാൾ സന്താനം സ്വീറ്റ് റോസ്, അസോസിയേറ്റ് പ്രൊഫസർ സുജിത എന്നിവർക്കെതിരെയാണ് നടപടി. അനാമികയുടെ മരണത്തിൽ ആരോപണ വിധേയരായ പ്രിൻസിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്‌പെൻഡ് ചെയ്‌തതായി സ്വകാര്യ സർവകലാശാലയായ ദയാനന്ദ് സാഗർ യൂണിവേഴ്‌സിറ്റി അറിയിക്കുകയായിരുന്നു.(Nursing Student Anamika’s death; Suspension of Principal and Associate Professor)
സംഭവം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചതായും സർവകലാശാല അറിയിച്ചു. രാമനഗരയിലെ നഴ്സിങ് കോളേജിലെ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിയായിരുന്ന അനാമികയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. അനാമിക കോളേജില്‍ പ്രവേശിച്ചിട്ട് വെറും നാലുമാസം മാത്രമേ ആയിട്ടുള്ളൂ. ഇതിനിടയില്‍തന്നെ അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും ഭാഗത്തുനിന്ന് കടുത്ത സമ്മര്‍ദം അനാമിക നേരിട്ടുവെന്നാണ് കുടുംബത്തിന്റെയും സഹപാഠികളുടെയും ആരോപണം.
‘ഭയങ്കരമായി ടോര്‍ച്ചര്‍ ചെയ്തു. ഓഫീസ് റൂമില്‍ പ്രിന്‍സിപ്പാള്‍ മേഡത്തിന്റെ ക്യാബിനില്‍ വിളിച്ചുകൊണ്ടുപോയി അവിടെവെച്ച് കുറേക്കാര്യങ്ങള്‍ പറഞ്ഞുവെന്നാണ് പറയുന്നത്. അനാമിക എന്നോടുവന്ന് സംസാരിച്ചിരുന്നു. ഇനി നീ പഠിച്ചിട്ട് കാര്യമില്ല. എത്ര പഠിച്ചാലും പാസാക്കാതെ ഫെയില്‍ ആക്കി അവിടെ ഇരുത്തുമെന്ന് പറഞ്ഞു’, അനാമികയുടെ സുഹൃത്തുക്കളിലൊരാള്‍ പറയുന്നു.
മരിക്കുന്നതിന് മുൻപായി ഹോസ്റ്റല്‍ മുറിയില്‍ രണ്ട് ആത്മഹത്യക്കുറിപ്പുകള്‍ അനാമിക എഴുതിവെച്ചിരുന്നുവെന്നാണ് സഹപാഠികള്‍ പറയുന്നത്. എന്നാല്‍, ഇതിലൊന്ന് മനേജ്‌മെന്റ് മാറ്റിയെന്നും വിദ്യാർഥികൾ ആരോപിച്ചു. ഇന്റേണല്‍ പരീക്ഷ നടക്കുന്നതിനിടെ അനാമികയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ കണ്ടെന്നും അത് കോപ്പിയടിക്കാന്‍ കൊണ്ടുവന്നതാണെന്ന് ഡീന്‍ പറഞ്ഞുവെന്നും സഹപാഠികള്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്ന് കോളേജില്‍ വരേണ്ടെന്ന് അനാമികയോടു പറഞ്ഞെന്നും സഹപാഠികള്‍ കൂട്ടിച്ചേര്‍ത്തു.