ഇടുക്കി കാഞ്ചിയാർ മുരിക്കാട്ടുകുടി ഗവ.ട്രൈബൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ നാലു വിദ്യാർഥികൾക്കായി വീടുകൾ നിർമിച്ച് പ്രൈമറി വിഭാഗം അധ്യാപികയായ ലിൻസി ജോർജ്. വാർത്തകളിലൂടെയും ഭവനസന്ദർശനത്തിന്റെ ഭാഗമായുമാണ് തന്റെ ശിഷ്യരുടെ അവസ്ഥ ലിൻസി ടീച്ചർ മനസിലാക്കിയത് . രണ്ട് വിദ്യാർഥികൾ പ്ലാസ്റ്റിക് മേൽക്കൂര കൊണ്ട് നിർിച്ച നനഞ്ഞൊലിക്കുന്ന കുടിലിലാണ് താമസിച്ചിരുന്നത് .
രണ്ടു കുട്ടികളുടെ പ്ലാസ്റ്റിക് ഷെഡ് കാലപ്പഴക്കം മൂലം വാസയോഗ്യമല്ലാതിരുന്നതിനാൽ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. പഠനത്തിൽ മികവുപുലർത്തുന്ന ഇവർക്ക് ഒരുവീടെന്ന സ്വപ്നം സുമനസുകളുടെ സഹായത്താൽ സാധിച്ചുകൊടുക്കാൻ ടീച്ചർ തുനിഞ്ഞിറങ്ങുകയായിരുന്നു. റിയാദിൽ ജോലിക്കാരായ പെരുമ്പടവം സ്വദേശികളായ പുത്തേർ കുടിലിൽ ബിജുവും ഭാര്യ സാലിയും വീടുപണിക്ക് വേണ്ട സഹായങ്ങൾ നൽകി.
പ്രതികൂല കാലാവസ്ഥയിലും,സിമൻറ് ഇഷ്ടികയും മണലും മറ്റ് നിർമ്മാണ സാമഗ്രികളും ചുമന്ന് എത്തിക്കാൻ കട്ടപ്പന എസ് .എം വൈ .എം ഫൊറോന പ്രവർത്തകരും ജെ. പി. എം. കോളേജ് എൻ. എസ്. എസ്. വളണ്ടിയേഴ്‌സും മുരിക്കാട്ടുകുടി സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം പ്രവർത്തകരും ഒത്തുകൂടിയപ്പോൾ പണികൾ വേഗത്തിലായി . പൊതുജനങ്ങളുടെ സഹായത്തോടെ ലിൻസി ടീച്ചറിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന എട്ടാമത്തെ വീടാണിത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30 ന് മന്ത്രി റോഷി അഗസ്റ്റിൻ വീടുകളുടെ താക്കോൽ ദാനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൻറെ അധ്യക്ഷതയിൽ മറ്റപ്പള്ളിയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന യുവജന കമ്മീഷൻ ജില്ലാ കോ- ഓർഡിനേറ്റർ ജോമോൻ പൊടിപാറ മുഖ്യപ്രഭാഷണം നടത്തും ,അധ്യാപിക ലിൻസി ജോർജ് ഭദ്രദീപം തെളിയിക്കും.