ന്യൂഡൽഹി: മോദി സർക്കാർ 2022 ലെ ബജറ്റിൽ മൂന്നു വർഷം കൊണ്ട് രാജ്യത്ത് 400 വന്ദേഭാരത് ട്രെയിനുകൾ സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
2025 ആകുമ്പോഴേക്കും ചെയർകാർ വിഭാഗത്തിലുള്ള 400 വന്ദേഭാരത് ട്രെയിനുകൾ രാജ്യത്ത് സർവീസ് നടത്തുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം.
എന്നാൽ, 2025ൽ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങവെ, ഇതുവരെ ട്രാക്കിലെത്തിക്കാനായത് 81 വന്ദേഭാരത് ട്രെയിനുകൾ മാത്രമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പ്രഖ്യാപിച്ചതിന്റെ നാലിലൊന്ന് പോലും മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചില്ലെന്നാണ് വിമർശനം.
വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളെക്കുറിച്ച് ആലോചിക്കാത്ത ഘട്ടത്തിലായിരുന്നു വന്ദേഭാരത് ചെയർകാർ സംബന്ധിച്ച ബജറ്റ് പ്രഖ്യാപനം വന്നത്.
രാജ്യത്തെ റയിൽ ഗതാഗത മേഖലയിലെ വൻ വിപ്ലവം എന്ന നിലയിലാണ് വന്ദേഭാരതിനെ കേന്ദ്രസർക്കാർ എക്കാലവും ഉയർത്തിക്കാട്ടിയിരുന്നത്.
പക്ഷെ, രാജ്യത്തെ കോച്ച് ഫാക്ടറികളുടെ ഉത്പാദന ശേഷിയും ട്രാക്കുകളുടെ ലഭ്യതയും ട്രെയിനുകളുടെ ആവശ്യകതയും കണക്കിലെടുക്കാതെയാണ് മൂന്നു വർഷത്തിനിടെ 400 വന്ദേഭാരത് ട്രെയിനുകൾ എന്ന പ്രഖ്യാപനം 2022ൽ നടത്തിയത്.
വന്ദേഭാരതിന്റെ സങ്കൽപ്പം തന്നെ പിന്നീട് അപ്ഡേറ്റ് ചെയ്യപ്പെട്ടു. ഹ്രസ്വദൂര ചെയർകാർ എന്നത് ദീർഘദൂര സ്ലീപ്പർ എന്ന ആശയത്തിലേക്കെത്തുകയായിരുന്നു.
റൂട്ടുകൾ സംബന്ധിച്ചു വേണ്ടെത്ര പഠനം നടത്താതെ ആരംഭിച്ച ചില സർവീസുകൾ നഷ്ടത്തിലായതും റയിൽവെക്ക് തിരിച്ചടിയായിരുന്നു.
കോച്ച് ഫാക്ടറികൾ വന്ദേഭാരത് നിർമാണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചതോടെ സാധാരണക്കാർ ആശ്രയിക്കുന്ന സ്ലീപ്പർ, മെമു ട്രെയിനുകളുടെ നിർമാണവും കുറഞ്ഞു വന്നു.
ഇതു വിമർശനത്തിന് ഇടയാക്കിയതോടെ ജനറൽ കോച്ചുകളുടെ നിർമാണം വർധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
പുതിയ ട്രെയിനുകൾ പ്രഖ്യാപിക്കുന്നത് ബജറ്റിലൂടെയല്ലാതെയാക്കിയത് ഏറ്റവും ദോഷകരമായി ബാധിച്ചതു കേരളത്തിനെയാണ്. 2018 ൽ തുടങ്ങിയ പാലരുവി എക്സ്പ്രസും ഇതര സംസ്ഥാന തൊഴിലാളികൾക്കായി ജാർഖണ്ഡ് സമ്മർദം ചെലുത്തി 2021 ൽ ആരംഭിച്ച ടാറ്റാനഗർ–എറണാകുളം സർവീസുമാണ് അവസാനമായി സംസ്ഥാനത്തിന് ലഭിച്ച പ്രതിദിന സർവീസുകൾ.