കൊച്ചി: ലോൺ ആപ്പ് തട്ടിപ്പിനായി ഉപയോഗിച്ചത് ചൈനീസ് ആപ്പുകളെന്ന് ഇ.ഡി. 1650 കോടി രൂപയുടെ തട്ടിപ്പാണ് ഇവിടെ നടന്നതെന്നും ഇതിന് പിന്നിൽ അന്താരാഷ്‌ട്ര ശൃംഖലയുണ്ടെന്നും ഇഡി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
അറസ്റ്റിലായവർ മഞ്ഞുമലയുടെ ഒരറ്റത്തുള്ളവർ മാത്രമാണെന്നാണ് ഇ.ഡി കോടതിയിൽ വ്യക്തമാക്കിയത്.
വൻ കണ്ണികൾ ഇതിനു പിന്നിലുണ്ട്. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശികളായ ഡാനിയേൽ ശെൽവകുമാർ, കതിരവൻ രവി, ആന്റോ പോൾ പ്രകാശ്, അലൻ സാമുവൽ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. 4 പ്രതികളെയും 4 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു.
2023 ലാണ് ഈ തട്ടിപ്പിന് തുടക്കം. പ്രതികളെല്ലാം ബിരുദധാരികളാണ്. 13 വരെ റിമാൻഡ് ചെയ്ത ശേഷമാണ് പ്രതികളെ 4 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടത്.
വിദേശ രാജ്യങ്ങളിലേക്കും തട്ടിപ്പ് പണമെത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. യുഎസ്, ചൈന, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പണമെത്തിയിരിക്കുന്നത്.
തുടക്കത്തിൽ ചെറിയ തുകകളാണ് വായ്പ നൽകുക. പിന്നീട് വലിയ തുകകൾ വായ്പ നൽകി ഭീഷണിപ്പെടുത്തി വൻ തുകകൾ കൈക്കലാക്കുകയാണ് പതിവ്.
വായ്പയെടുത്തവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി.
കേരളത്തിലും, ഹരിയാനയിലുമടക്കം തട്ടിപ്പ് നടന്ന കേസിൽ പോലീസും, ക്രൈംബ്രാഞ്ചും രജിസ്റ്റർ ചെയ്ത 10 എഫ്‌ഐആറുകളിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇസിഐആർ രജിസ്റ്റർ ചെയ്തിരുന്നത്.