ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ടെസ്‌റ്റ് താരമായി ഇന്ത്യയുടെ പേസര്‍ ജസ്‌പ്രീത് ബുംറ.
13 മത്സരങ്ങളില്‍നിന്ന് 71 വിക്കറ്റുകളെടുത്താണു ബുംറ താരമായത്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഉള്‍പ്പെടെ ബുംറ ആവര്‍ത്തിച്ച മികവ് കണക്കിലെടുത്താണു പുരസ്‌കാരം.
ടെസ്‌റ്റില്‍ കഴിഞ്ഞവര്‍ഷം 13 മത്സരങ്ങളിലായി 357 ഓവര്‍ എറിഞ്ഞ ബുംറ 71 വിക്കറ്റുകളെടുത്തു. ശ്രീലങ്കയുടെ കാമിന്ദു മെന്‍ഡിസ്, ഇംഗ്ലീഷ് ബാറ്റര്‍മാരായ ഹാരി ബ്രൂക്ക്, ജോ റൂട്ട് എന്നിവരെ മറികടന്നാണ് ബുംറ 2024-ലെ ഏറ്റവും മികച്ച ടെസ്‌റ്റ് താരമായത്.
ടെസ്‌റ്റില്‍ ഒരു വര്‍ഷം 70 വിക്കറ്റുകള്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ബുംറ. രവിചന്ദ്രന്‍ അശ്വിന്‍, അനില്‍ കുംബ്ലെ, കപില്‍ദേവ് എന്നിവര്‍ ഈ നേട്ടം കൈവരിച്ചിരുന്നു.
2024 ല്‍ ഇന്ത്യന്‍ പിച്ചുകളിലും വിദേശ പിച്ചുകളിലും ഒരുപോലെ തിളങ്ങാന്‍ ബുംറയ്‌ക്കായി. ഇന്ത്യക്കു ഫൈനലില്‍ കടക്കാനായില്ലെങ്കിലും ബുംറയുടെ മികവില്‍ കടുത്ത പോരാട്ടം നടത്താനായി.
2024 ല്‍ കേപ്‌ടൗണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ബുംറയുടെ ആദ്യ വിക്കറ്റ് വേട്ട. എട്ടു വിക്കറ്റുകള്‍ നേടി. പിന്നീട് ഇംഗ്ലണ്ടിനെതിരേ 4-1 ന് ജയിച്ച പരമ്പരയില്‍ 19 വിക്കറ്റുകളും സ്വന്തമാക്കി.
വിശാഖപട്ടണം ടെസ്‌റ്റില്‍ മാത്രം ഒന്‍പത് വിക്കറ്റുകളെടുത്തു. അവസാനം നടന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ അഞ്ച് മത്സരങ്ങളിലായി 32 വിക്കറ്റുകളെടുത്തു. കാമിന്ദു മെന്‍ഡിസാണ് ഭാവി താരം.
വൈകാതെ പ്രഖ്യാപിക്കുന്ന ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ (സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫി) പുരസ്‌കാര പട്ടികയിലും ബുംറയുണ്ട്.
ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണര്‍ സ്‌മൃതി മന്ദാനയാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഏകദിന വനിതാ താരം. 2018, 2022 സീസണുകളിലും സ്‌മൃതി മന്ദാന പുരസ്‌കാരം നേടിയിരുന്നു.
ദക്ഷിണാഫ്രിക്കയുടെ ലോറ വാള്‍വര്‍ദ്, ഇംഗ്ലണ്ടിന്റെ ടാമി ബീമൗണ്ട്, വെസ്‌റ്റിന്‍ഡീസിന്റെ ഹെയ്‌ലി മാത്യൂസ് എന്നിവരെയാണു സ്‌മൃതി മറികടന്നത്.
13 ഏകദിനങ്ങളിലായി 747 റണ്ണെടുക്കാന്‍ താരത്തിനായി. വാള്‍വര്‍ദ് (697), ബീമൗണ്ട് (554), മാത്യൂസ് (469) എന്നിവര്‍ കടുത്ത മത്സരം നടത്തി.