മാനമ്പിള്ളി ഫോറസ്റ്റ് റിസര്‍വിന് കീഴിലുള്ള ഇടിആര്‍ എസ്റ്റേറ്റില്‍ വെച്ചായിരുന്നു ആക്രമണം നടന്നത്
തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണം. വയോധികയ്ക്ക് പരിക്കേറ്റു. തേയില തോട്ടം തൊഴിലാളി അന്നലക്ഷ്മി എന്ന 67 കാരിയാണ് ആക്രമണത്തിനിരയായത്.(Wild elephant attack in Valparai; Elderly woman injured)
മാനമ്പിള്ളി ഫോറസ്റ്റ് റിസര്‍വിന് കീഴിലുള്ള ഇടിആര്‍ എസ്റ്റേറ്റില്‍ വെച്ചായിരുന്നു ആക്രമണം നടന്നത്. ഈ സ്ഥലത്ത് 12 ലയങ്ങളാണ് ഉള്ളത്. രാത്രി ഇവിടേക്ക് കാട്ടാനയെത്തിയ സമയത്ത് അന്നലക്ഷ്മി പുറത്തിറങ്ങുകയും ആന വയോധികയെ തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തി കാല്‍ ചവിട്ടി ഒടിച്ചുവെന്നാണ് വിവരം.
സംഭവമറിഞ്ഞ് മറ്റു വീടുകളിലെ ആളുകള്‍ ഉണര്‍ന്ന് ബഹളം വെച്ചതിനെത്തുടര്‍ന്നാണ് കാട്ടാന പിന്‍വാങ്ങിയത്. അന്നലക്ഷ്മിയെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റി. കാട്ടാനയുടെ ആക്രമണത്തിൽ അന്നലക്ഷ്മിയുടെ ഇടുപ്പെല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്.