കോൺഗ്രസിനെതിരെ റിപ്പോർട്ടർ ടിവി വ്യാജവാർത്തകൾ നൽകി അപമാനിക്കുകയാണെന്നും, അതിനാൽ ചാനൽ ബഹിഷ്‌കരിക്കാൻ അണികൾക്കും നേതാക്കൾക്കും നിർദേശം നൽകി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
കെപിപിസിസി പ്രസിഡന്റിന്റെ തീരുമാനം കോൺഗ്രസ് ജനറൽ സെക്രട്ടറി എം ലിജുവാണ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾക്കും കെപിസിസി ഭാരവാഹികൾക്കും ഡിസിസി പ്രസിഡന്റുമാർക്കും എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങൾക്കും എംപിമാർക്കും എംഎൽഎമാർക്കും കെപിസിസി മീഡിയ ഇൻ-ചാർജ്മാർക്കും കൈമാറിയത്.
വയനാട് നടന്ന ആത്മഹത്യയുടെ പേരിൽ ചാനൽ കോൺഗ്രസ് നേതാക്കൾക്ക് എതിരെ വാർത്ത സംപ്രേഷണം ചെയ്തുവെന്നാണ് കെപിസിസി ഉയർത്തിയ ആരോപണം.
കോൺഗ്രസിനെതിരെ വ്യാജ വാർത്തകൾ നൽകിയതിൽ ഖേദം പ്രകടിപ്പിക്കുകയോ, കോൺഗ്രസ് പ്രവർത്തകർക്കെതിരെ നൽകിയ കേസുകളിൽ നിന്ന് പിന്മാറുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് റിപ്പോർട്ടർ ടിവി ബഹിഷ്‌കരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി അഡ്വ.എം ലിജു അയച്ച കത്തിൽ വ്യക്തമാക്കുന്നു.
വ്യാജ വാർത്തകളിൽ ഖേദപ്രകടനം നടത്തണമെന്ന റിപ്പോർട്ടർ ചാനലിനോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇതുവരെയും വാർത്തകൾ പിൻവലിക്കാതെ പാർട്ടിയെ വെല്ലുവിളിക്കുകയാണ്.
പാർട്ടി പ്രവർത്തകരെ കള്ളക്കേസുകളിൽ കുടുക്കുന്ന സമീപനമാണ് ചാനൽ സ്വീകരിച്ചത്. മാധ്യമ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടി എക്കാലവും നിലകൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് കോൺഗ്രസെങ്കിലും, നിരന്തരം വ്യാജ വാർത്തകൾ നൽകി അപകീർത്തിപ്പെടുത്താനുള്ള ചാനലിന്റെ ശ്രമം നിസ്സാരമായും നിഷ്‌ക്കളങ്കമായും കരുതുക വയ്യ.
ഭരണകൂടങ്ങൾ മാധ്യമങ്ങളെ തന്നെ സ്വാധീനിച്ച്, പ്രതിപക്ഷ പാർട്ടികൾക്കെതിരെ പ്രചാരണം നടത്തുന്നതിനാൽ ജനാധിപത്യം തന്നെ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിതെന്ന വസ്തുത തള്ളിക്കളയാൻ സാധിക്കില്ല.