കേരള കോൺഗ്രസുകൾ അടിമച്ചങ്ങല പൊട്ടിച്ചെറിയണമെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ്.മുനമ്പത്തു വഖഫ് ബില്ലിനെ അനുകൂലിച്ച ഫ്രാൻസിസ് ജോർജ് മലക്കം മറിഞ്ഞതും
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തു ലവ് ജിഹാദ് ഉണ്ടെന്നു പറഞ്ഞ ജോസ് കെ മാണി മണിക്കൂറുകൾക്കകം തിരുത്തി പറഞ്ഞതും വിമർശിച്ചാണ് ഷോൺ ഫെയ്സ് ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്.
ഷോൺ ജോർജിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം
കേരള കോൺഗ്രസുകൾ അടിമച്ചങ്ങല പൊട്ടിച്ചെറിയണം ……..
നല്ല ഒന്നാംതരം കോട്ടയം അച്ചായനായിരുന്ന സാക്ഷാൽ പി ടി ചാക്കൊയുടെ ആകസ്മികമായ ഹൃദയം തകർന്നുള്ള മരണം കോൺഗ്രസ് അദ്ദേഹത്തോട് ചെയ്ത അനീതിയിൽ മനം നൊന്തായിരുന്നു.
ആ വേദന കർഷകരിലും ക്രൈസ്തവരിലും കത്തിപടർന്നു തുടങ്ങിയതോടെ
കെ എം ജോർജ് സാറിന്റെയും ബാലകൃഷ്ണപിള്ള സാറിന്റെയും നേതൃത്വത്തിൽ പി ടി അനുകൂലികൾ കോട്ടയത്ത് മന്നത്തപ്പന്റെ അനുഗ്രഹത്തോടെ തുടക്കം കുറിച്ച പാർട്ടിയാണ് കേരള കോൺഗ്രസ്.
ഒരു കാലത്ത് ഒറ്റയ്ക്ക് മത്സരിച്ചു 25 എം എൽ എ മാർ ജയിപ്പിച്ച പ്രസ്ഥാനം.
ഇന്നത്തെ അവസ്ഥയോ?
പിളർന്നും ലയിച്ചും വീണ്ടും പിളർന്നും പത്തോളം കേരള കോൺഗ്രസുകൾ.
സ്ഥാപിത ലക്ഷ്യത്തിൽ നിന്നൊക്കെ ഏറെ വ്യതിചലിച്ചു ആരുടെയൊക്കെയോ റാൻ മൂളികളും അടിമകളുമായി വിവിധ മുന്നണികളിൽ.
പി ടി ചാക്കോ
മാത്തച്ഛൻ കുരുവിനാകുന്നേൽ
കുളത്തുങ്കൽ പോത്തൻ
വയലാ ഇടിക്കുള
കെ എം ജോർജ്
ബാലകൃഷ്ണപിള്ള
കെ എം മാണി
ടി എം ജേക്കബ്
ടി എസ് ജോൺ
ഇ ജോൺ ജേക്കബ്
പി ജെ ജോസഫ്
പി സി ജോർജ്
തലയെടുപ്പുള്ള എണ്ണം പറഞ്ഞ നേതാക്കൾ സുലഭമായിട്ടുണ്ടായിരുന്ന പാർട്ടി.
മുന്നണി രാഷ്ട്രീയത്തിന്റെ ചാപല്യങ്ങളിപ്പെട്ടു കെ എം ജോർജ്, കെ എം മാണിയിൽ തുടങ്ങി പി ജെയും എന്റെ പിതാവ് പി സി ജോർജ് വരെയുള്ള നേതാക്കൾ പിളർപ്പുകളും ലയനങ്ങളും പലതും നടത്തിയെങ്കിലും കർഷകരെയും ക്രൈസ്തവരെയും ബാധിക്കുന്ന വിഷയങ്ങളിൽ ഏത് മുന്നണിയാണെങ്കിലും തന്റേടത്തോടെ ഇടപെടുമായിരുന്നു.
നട്ടെല്ല് പണയം വെയ്ക്കാതെ ഒരുത്തനെയും അനുമതിക്കു കാത്തു നിൽക്കാതെ പ്രതികരിക്കാൻ അവർക്കു സാധിച്ചിരുന്നു.
എന്നാൽ ഇന്ന് അങ്ങനെ ആണോ?
പ്രതികരിച്ചാലും ആരും ഗൗനിക്കാത്ത വിധം ദുർബലമായി തീർന്നിരിക്കുന്നു.
ലവ് ജിഹാദിനെതിരെ പറഞ്ഞാലും വഖഫിനെതിരെ പറഞ്ഞാലും ഒരു ദിവസത്തിൽ തിരുത്തി പറയാൻ ഇളം തലമുറ നേതാക്കൾ നിർബന്ധിധരാവുന്നു.
ഇന്നലെ മുനമ്പത്തു വഖഫ് ബില്ലിനെ അനുകൂലിച്ച ഫ്രാൻസിസ് ജോർജ് ഇന്ന് മുവാറ്റുപുഴയിൽ മലക്കം മറിഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തു ലവ് ജിഹാദ് ഉണ്ടെന്നു പറഞ്ഞ ജോസ് കെ മാണി മണിക്കൂറുകൾക്കകം തിരുത്തി പറഞ്ഞു.
ഇതിങ്ങനെ തുടർന്നാൽ ഒരു കാലത്ത് സമുദായവും കർഷകരും കർഷക തൊഴിലാളികളും പിന്തുണച്ചിരുന്ന കേരള കോൺഗ്രസുകാർ കേരള രാഷ്ട്രീയത്തിൽ അപ്രസക്തമാവും.
മുന്നണികളുടെ അപ്പ കഷ്ണം കിട്ടാൻ പ്രീണനം രാഷ്ട്രീയത്തിന് പാദ സേവ ചെയ്യേണ്ടവരല്ല കേരള കോൺഗ്രസുകാർ.
കാട്ടാനയോടും പാമ്പിനോടും പടവെട്ടി മണ്ണിൽ പൊന്നു വിളയിച്ച കാരണവന്മാരുടെ പാരമ്പര്യം പേറുന്നവരും തലയെടുപ്പുള്ള നേതാക്കളാൽ പടുത്തുയർത്തപ്പെട്ട പ്രസ്ഥാനവുമാണ് കേരള കോൺഗ്രസ്.
സമുദായത്തിനും കർഷകർക്കും വേണ്ടി എന്തെങ്കിലും പറയാൻ നിങ്ങള്ക്ക് പാണക്കാട് തങ്ങളുടെയോ സുഡാപ്പികളുടെ അനുമതി വേണം എന്ന അവസ്ഥ മാറണം എങ്കിൽ നിങ്ങൾ മുന്നണികളുടെ അടിമ ചങ്ങല പൊട്ടിച്ചെറിഞ്ഞു ഭാരതിയ ജനത പാർട്ടിയോട് ചേർന്ന് നിൽക്കണം.കേരള കോൺഗ്രസിന്റെയും കേരള കോൺഗ്രസ്സിനെ സ്നേഹിക്കുന്നവരുടെയും ആവശ്യങ്ങളോട് ചേർന്ന് നില്കുവാൻ ഇന്ന് കേരളത്തിൽ ബി ജെ പ്പിക്കു മാത്രമേ കഴിയുകയുള്ളു.
അഡ്വ ഷോൺ ജോർജ്