കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയക്കുകയും കുട്ടിയെ കാറിൽ കയറ്റി കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്ത ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിയായ ഡോ. അലൻ അലക്സ് (32) ആണ് അറസ്റ്റിലായത്. പോക്‌സോ കേസ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.(Kannur native doctor arrested in POCSO Case)
സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയ്ക്ക് പ്രതി നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു. പെൺകുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തുടർന്ന് ബന്ധുക്കളുടെ ആസൂത്രണത്തിന്റെ ഭാഗമായി ഡോക്ടറെ കോഴിക്കോട് ബീച്ചിലെത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കണ്ണൂരിൽ നിന്ന് കാറിൽ ബീച്ചിലെത്തിയ ഇയാളെ കുട്ടിക്കൊപ്പം ഇവിടെ കാത്തു നിന്ന ബന്ധുക്കൾ തടഞ്ഞു വെക്കുകയായിരുന്നു.
ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് വെള്ളയിൽ പൊലീസ് സ്ഥലത്തെത്തി. ഇയാൾ പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തി. പിന്നാലെ പോക്സോ കേസിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് റിമാൻഡ് ചെയ്തു.