ഇടുക്കിയിൽ ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയയാൾക്ക് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. ചട്ട മൂന്നാറിലാണ് സംഭവം. ചട്ട മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. വീട്ടിൽ വളർത്തുന്ന ആടിന് തീറ്റ ശേഖരിക്കാനായിട്ടാണ് അടുത്തുള്ള എസ്റ്റേറ്റിലേക്ക് ഇയാൾ പോയത്.
എന്നാൽ ചീമക്കൊന്നയുടെ കൊമ്പുകൾ വെട്ടുന്നതിനിടയിൽ മരത്തിന്റെ ഒരു ശിഖരം വൈദ്യുത കമ്പിയിൽ കുടുങ്ങുകയായിരുന്നു. അത് വലിച്ചെടുക്കുന്നതിനിടയിലാണ് വൈദ്യുതാഘാതമേൽക്കുന്നത്. ഒറ്റയ്ക്കായിരുന്നു ഗണേശൻ ആടിനുള്ള തീറ്റ ശേഖരിക്കാൻ എത്തിയിരുന്നത്.
ഇന്ന് രാവിലെ എസ്‌റ്റേറ്റിലെത്തിയ തൊഴിലാളികളാണ് ഇയാൾ മരക്കൊമ്പിൽ മരിച്ചുകിടക്കുന്നത് കണ്ടത്. തൊഴിലാളികൾ ഉടൻ തന്നെ മറയൂർ പൊലീസിനെ വിവരമറിയിച്ചു. പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.