കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഫോർട്ട് കൊച്ചിയിലെ രണ്ട് ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി നൽകി. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഹൈകോടതി നിർദേശിച്ചു. ഡിസംബർ 31ന് രാത്രിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഫോർട്ട് കൊച്ചി വെളി മൈതാനത്ത് സ്ഥാപിച്ചിരിക്കുന്ന 40 അടി ഉയരമുള്ള പാപ്പാഞ്ഞി നീക്കം ചെയ്യണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.
ഫോർട്ട് കൊച്ചി പരേഡ് മൈതാനത്ത് കത്തിക്കുന്ന പാപ്പാഞ്ഞിക്ക് പുറമെ വെളിമൈതാനത്തും പാപ്പാഞ്ഞിയെ സ്ഥാപിച്ചതോടെയാണ് പോലീസ് ഇത്തരമൊരു നിർദേശം നൽകിയത്. അനിയന്ത്രിതമായ തിരക്ക് ക്രമസമാധാനം തകർക്കുമെന്നും പോലീസ് പറയുന്നു. ഇരു മൈതാനങ്ങളും തമ്മിൽ രണ്ട് കിലോ മീറ്റർ അകലമുണ്ട്. രണ്ടിടത്തും സുരക്ഷയൊരുക്കാൻ മാത്രം ആയിരത്തിലേറെ ഉദ്യോഗസ്ഥർ വേണമെന്നാണ് കൊച്ചി സിറ്റി പോലീസ് പറയുന്നത്.
വെളി മൈതാനത്തെ സംഘാടകരായ ഗലാ ഡേ ഫോർട്ട് കൊച്ചിയാണ് ഹൈകോടതിയെ സമീപിച്ചത്. പാപ്പാഞ്ഞിയെ നീക്കം ചെയ്യാനുള്ള നോട്ടീസ് നൽകാൻ പൊലീസിന് കഴിയില്ലെന്നായിരുന്നു ഇവരുടെ വാദം. മാത്രമല്ല എല്ലാ വകുപ്പുകളിൽ നിന്നും പ്രത്യേക അനുമതി വാങ്ങിയിട്ടുണ്ടെന്നും സംഘാടകർ കോടതിയിൽ അറിയിച്ചു.