കണ്ണൂർ: പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിപിഎം പ്രവർത്തകനായ ഇരിട്ടി പയഞ്ചേരി സ്വദേശി വിനീഷാണ് മരിച്ചത്. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം.(murder case accused commits suicide in kannur)
ഇന്ന് ഉച്ചയോടെയാണ് വിനീഷിനെ പയഞ്ചേരിയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എൻഡിഎഫ് പ്രവർത്തകനായിരുന്ന ഇരിട്ടി സ്വദേശി സൈനുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് വിനീഷ്. പരോൾ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്.
വിനീഷിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 2008 ജൂൺ 23 നാണ് കക്കയങ്ങാട്ട് ഇറച്ചി കടയിൽ ജോലി ചെയ്തിരുന്ന സൈനുദ്ദീനെ സിപിഎം പ്രവർത്തകർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് കേസിൽ 2014 മാർച്ചിലാണ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി പ്രതികളെ ശിക്ഷിച്ചത്.