തിരുവനന്തപുരം: തൃശൂരിൽ കേരള ബാങ്കിൽ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് സംഘം രംഗത്ത്. തട്ടിപ്പിനിരയായ മൂന്നു പേർ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പരാതി നൽകുകയായിരുന്നു.
ഇതോടെയാണ് കേരള ബാങ്കിൽ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെടുക്കുന്ന സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തറിഞ്ഞത്. മൂന്നുപേരിൽ നിന്നുമാത്രം സംഘം തട്ടിയെടുത്തത് 68 ലക്ഷം രൂപയാണ്.
തൃശ്ശൂർ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് തട്ടിപ്പിനിരയായവർ പരാതി നൽകിയിരിക്കുന്നത്. കൊരട്ടി, മാള, ആളൂർ പോലീസ് സ്റ്റേഷനുകളിലാണ് ഇത്തരത്തിൽ പരാതി ലഭിച്ചിട്ടുള്ളത്.
കൊരട്ടിയിലെയും ആളൂരിലെയും കേസിൽ പ്രതിപ്പട്ടികയിലുള്ളത് മാള എ.എസ്.ഐ. എം.ജി. വിനോദ്കുമാറാണ്. ഇദ്ദേഹത്തെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ബാക്കി പ്രതികളെല്ലാം ഒളിവിലാണെന്നും അവർ മുൻകൂർജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നുമാണ് വിവരം.
മുരിങ്ങൂർ സ്വദേശി സുശീൽകുമാറാണ് കൊരട്ടി പോലീസിൽ പരാതി നൽകിയത്. ഭാര്യക്ക് കേരള ബാങ്കിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 23 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് സുശീൽകുമാറിൻ്റെ പരാതി.
മാള എ.എസ്.ഐ. എം.ജി. വിനോദ്കുമാർ, താഴേക്കാട് സ്വദേശി ശശി, കെ.ആർ. സുമേഷ്, രഞ്ജിത്ത് രവീന്ദ്രൻ, ശ്രീകാന്ത് രാജൻ എന്നിവർ ചേർന്നാണ് പണം തട്ടിയെടുത്തത് എന്നാണ് സുശീൽകുമാറിന്റെ പരാതി. പി.എസ്.സി. വഴി നിയമനം നടത്തേണ്ട തസ്തികയിൽ നിയമനം നൽകാമെന്ന് പറഞ്ഞാണ് സംഘം സുശീൽകുമാറിൽ നിന്നും പണം തട്ടിയത്.
വടമ സ്വദേശി ശരണ്യ രാഹുൽ ആളൂർ സ്റ്റേഷനിൽ നൽകിയ പരാതിയിലും മാള എ.എസ്.ഐ. എം.ജി. വിനോദ്കുമാറാണ് മുഖ്യപ്രതി. വിനോദും സുമേഷും രഞ്ജിത്തും ചേർന്ന് അസിസ്റ്റന്റ് മാനേജർ ജോലി വാഗ്ദാനംചെയ്ത് 26 ലക്ഷം കൈപ്പറ്റിയെന്നാണ് പരാതിയിൽ പറയുന്നത്.
കൊരട്ടി സ്വദേശി സിന്ധു സജീവിൽനിന്നും ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് സംഘം ലക്ഷങ്ങളാണ് വാങ്ങിയത്. സുമേഷ്, രഞ്ജിത്ത്, നിഷ എന്നിവർ ചേർന്ന് രണ്ടുതവണയായി 19 ലക്ഷം കൈക്കലാക്കിയെന്നാണ് സിന്ധു സജീവിന്റെ പരാതി.
മൂന്നു പരാതിയിലും കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികൾ ഒളിവിലാണെന്നാണ് പൊലീസിന്റെ നിലപാട്. ഏപ്രിൽ, മേയ് മാസങ്ങളിലാണ് കേസെടുത്തതെങ്കിലും പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ടിട്ടും കാര്യമായ തുടർനടപടികളുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
നിലവിൽ ക്ലർക്ക്, കാഷ്യർ തസ്തികയിലേക്ക് പി.എസ്.സി. അപേക്ഷ വിളിച്ചിട്ടുണ്ട്. ആറുവർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആയിരത്തിലേറെ ഒഴിവുകളിൽ നിയമനസാധ്യത തെളിയുന്നത്.
ഒട്ടേറെപ്പേർ ഇതിനുള്ള പരിശ്രമത്തിലാണ്, ഇതാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. തട്ടിപ്പ് സംബന്ധിച്ചുള്ള വിവരം ഉദ്യോഗാർഥികൾ കേരള ബാങ്കിനെ അറിയിച്ചതിനെത്തുടർന്നാണ് ഇതേക്കുറിച്ച് ബാങ്കും അന്വേഷണം നടത്തിയത്.
കഴിഞ്ഞദിവസം ബാങ്ക് ഇത് സംബന്ധിച്ച് പത്രക്കുറിപ്പിറക്കിയിട്ടുമുണ്ട്. ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുതെന്നാണ് കേരള ബാങ്ക് നൽകുന്ന മുന്നറിയിപ്പ്.
കേരള സംസ്ഥാന സഹകരണ ബാങ്കിൽ (കേരള ബാങ്ക്) ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പുനടത്തുന്നതായി പരാതിലഭിച്ചിട്ടുണ്ടെന്ന്കേരള ബാങ്ക് അധികൃതർ പറഞ്ഞു. ബാങ്ക് ലോഗോ ചേർത്തുള്ള വ്യാജ ഉത്തരവുകൾ നൽകി കബളിപ്പിക്കുന്നുവെന്നാണ് മുഖ്യ പരാതി. വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുണ്ട്.