തൊടുപുഴ: ചുവന്ന വസ്ത്രങ്ങളും തൊപ്പിയും വടിയും സമ്മാനങ്ങളുമായി കുട്ടിത്തം വിട്ടുമാറാത്ത ഒരു കൂട്ടം കുഞ്ഞ് ക്രിസ്മസ് പാപ്പമാരെ ഒന്നിച്ച് കണ്ടതിൻ്റെ സന്തോഷത്തിലാണ് തൊടുപുഴക്കാർ.
ഹൊറൈസൺ മോട്ടോഴ്സും കുട്ടികളുടെ ദീപികയും സംയുക്തമായി നടത്തിയ കുട്ടി പാപ്പ മത്സരത്തിലാണ് നാപ്പതോളം കുഞ്ഞു പാപ്പമാർ അണിനിരന്നത്.

തൊടുപുഴ ഹൊറൈസൺ മഹീന്ദ്ര ഷോറുമിലായിരുന്നു കുട്ടി പാപ്പ മത്സരം നടന്നത്. ഒരു വയസു പോലും പ്രായമാവാത്ത കുഞ്ഞ് ഇസാ മറിയം ടോണി മുതൽ 10 വയസുള്ള കുട്ടികൾ വരെ മത്സരത്തിനെത്തി.
ജിംഗിൾ ബെൽസ് ജിംഗിൾ ബെൽസ് പാട്ടിനൊപ്പം കുട്ടിത്തം നിറഞ്ഞു തുളുമ്പുന്ന നൃത്തച്ചുവടുകളുമായി കുഞ്ഞു പാപ്പമാർ വേദിയിലെത്തി. രണ്ട് വിഭാഗങ്ങളിലായി നാപ്പതോളം കുട്ടികളാണ് മത്സരത്തിനെത്തിയത്.
എൽ കെ ജി മുതൽ ഒന്നാം ക്ലാസ് വരെയുള്ള കുട്ടികളുടെ മത്സരമാണ് ആദ്യം നടന്നത്. രണ്ടാം ക്ലാസ് മുതൽ 10 വയസു വരെ പ്രായമുള്ള കുട്ടികളുടെ മത്സരമായിരുന്നു രണ്ടാമത് നടന്നത്.
മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. രണ്ടു വിഭാഗങ്ങളിലുമായി ഇരുപത് പേർക്ക് ക്യാഷ് പ്രൈസും സമ്മാനിച്ചു.
വിധികർത്താക്കളായി എത്തിയത് നിർമല ഹയർ സെക്കൻ്ററി സ്കൂളിലെ സിസ്റ്റർ ഷാൻ്റി, തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകരായ ചാന്ദന അഖിൽ, ലിസ് ഡൊമനിക് എന്നിവരായിരുന്നു.
ദീപിക ജനറൽ മാനേജർ ഫാദർ ജിനോ പുന്നമറ്റം മുഖ്യാതിഥിയായി. ഹൊറൈസൺ ഗ്രൂപ്പ് മാനേജിംഗ് ചെയർമാൻ ഷാജി കണ്ണിക്കാട്ട്, ഹൊറൈസൺ മോട്ടോഴ്സ് തൊടുപുഴ ജനറൽ മാനേജർ പവിത്രൻ മേനോൻ, സെയിൽസ് മാനേജർ സൈജു എന്നിവർ സംസാരിച്ചു.