മലപ്പുറം: മലപ്പുറം ജില്ലാ കലക്ടറുടെ പേരിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സംഭവത്തിൽ 17കാരന്‍ പിടിയില്‍. കലക്ടറുടെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച വിദ്യാർത്ഥിയാണ് പിടിയിലായത്. ഡിസംബർ രണ്ടിന് ആണ് സംഭവം.(Fake information in the name of Malappuram District Collector; Student arrested)
ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച ഡിസംബർ രണ്ടിന് വൈകിട്ടാണ് തൊട്ടടുത്ത ദിവസം കലക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ ഫേസ്ബുക്ക് സ്ക്രീൻ ഷോട്ട് പ്രചരിച്ചത്. ഔദ്യോഗികമായി കലക്ടർ അവധി പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു തെറ്റിദ്ധാരണജനകമായ വാർത്ത പ്രചരിച്ചത്. ഇതിനെതിരെ ജില്ലാ കലക്ടർ വി ആർ വിനോദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
എന്നാൽ തമാശയ്ക്കാണ് വ്യാജ സന്ദേശം പ്രചരിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥി പൊലീസില്‍ മൊഴി നല്‍കി. ജില്ലാ പൊലീസ് മോധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ പൊലീസ് രക്ഷിതാക്കള്‍ക്കൊപ്പം വിദ്യാര്‍ത്ഥിയെ വിളിച്ചു വരുത്തി ഉപദേശം നല്‍കി വിട്ടയക്കുകയും ചെയ്തു.