വയനാട്: മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. തർക്കത്തിൽ ഇടപ്പെട്ടതിന് കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെ അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിലാണ് പോലീസ് നടപടി. കാറിന്റെ ആര്‍സി ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്.(atrocity against tribal youth in Wayanad; A case was registered for attempt to murder)
കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസാണ് വാഹനത്തിന്റെ ആര്‍ സി ഉടമയെന്നാണ് രേഖകളില്‍ നിന്നും ലഭിച്ച വിവരം. എന്നാല്‍ സംഭവം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് റിയാസ് ആണോ എന്നതില്‍ വ്യക്തതയില്ല. അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. മൂന്നുപേര്‍ പിറകിലും രണ്ട് പേര്‍ മുന്‍ സീറ്റിലുമായിരുന്നുവെന്നാണ് സൂചന.
ഇന്നലെ വെെകിട്ട് 5.30 ഓടെയാണ് ക്രൂരത നടന്നത്. കൂടൽ കടവ് ചെക്ക് ഡാം കാണാൻ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാൻ കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.