ക്രിസ്മസ് അവധി ദിനങ്ങളിൽ സാഹസികർക്കും കുടുംബമായി അവധി ആഘോഷിക്കേണ്ടവർക്കും പോക്കറ്റ് കാലിയാകാതെ സുരക്ഷിതമായി കുടുംബത്തോടൊപ്പം ഒരു ദിവസം മുഴുവൻ ആസ്വദിക്കാൻ കഴിയുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം വാഗമണ്ണിലുണ്ട്. Want to enjoy adventure on vacation…? Vagamon is calling…. Video
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന അഡ്വഞ്ചർ പാർക്കാണ് സഞ്ചാരികൾക്കായി വിവിധങ്ങളായ സൗകര്യങ്ങൾ ഒരുക്കുന്നത്.
തിരക്കിൽ നിന്നും ഒഴിഞ്ഞ് സമാധാനാന്തരീക്ഷം ആഗ്രഹിക്കുന്നവർക്കായി ഉദ്യാനം മുതൽ സാഹസികത ആഗ്രഹിക്കുന്നവർക്കായി വിവിധ വിനോദങ്ങൾ വരെയാണ് പാർക്കിലുള്ളത്.
പാർക്കിലെ ആത്മഹത്യ മുനമ്പിൽ ഒരുക്കിയിരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജാണ് പ്രധാന ആകർഷണം. 250 രൂപ ടിക്കറ്റ് നിരക്കിൽ ആസ്വദിക്കാം. യുവാക്കളാണ് ഗ്ലാസ് ബ്രിഡ്ജിൽ കയറുന്നവരിൽ ഏറെയും.
ബ്രിഡ്ജിന്റെ മുനമ്പിലെത്തി തലകറങ്ങുന്നവരും കുറവല്ല. ചിത്രമെടുക്കുന്നതിനിടെ നഷ്ടപ്പെട്ട ഫോണുകൾ മുതൽ ഡ്രോൺ വരെ ഗ്ലാസിലൂടെ താഴെ കാണാം. ഗ്ലാസ് ബ്രിഡ്ജ് കൂടാതെ ജിയന്റ് സ്വിഗ് എന്ന ഭീമൻ ഊഞ്ഞാൽ,സ്‌കൈ സൈക്ലിങ്ങ്, സ്‌കൈ റോളർ, റോക്കറ്റ് ഇജക്ടർ, സ്വിപ് ലൈൻ, തടാകത്തിലൂടെയുള്ള കയാക്കിങ്ങ്, കുട്ട വഞ്ചിയിലെ സഞ്ചാരം, പെഡൽ ബോട്ട്, തുഴഞ്ഞു പോകാനുള്ള വള്ളം എന്നിവയും ഇവിടെയുണ്ട്.
കുട്ടികൾക്കായി ടോയ് ട്രെയിനും ആസ്വദിക്കാം. പാർക്കിൽ തന്നെ ടിക്കറ്റ് കൗണ്ടർ ഉണ്ട്. പാർക്കിങ്ങ് സൗകര്യവും ഫുഡ് കോർട്ടുകളും ശൗചാലയങ്ങളും ഒരുക്കിയിട്ടുണ്ട്. പാർക്കിൽ ഉടനീളം വാഹനങ്ങളുമായും കാൽനടയായും സഞ്ചരിക്കാൻ ഉതകുന്ന റോഡുകൾ ഏറെ സൗകര്യപ്രദമാണ്.