കാൻ ഫിലിം ഫെസ്റ്റിവലിലെ പുരസ്‍കാര തിളക്കത്തിന് പിന്നാലെ ഗോള്‍ഡന്‍ ഗ്ലോബില്‍ രണ്ടു നോമിനേഷനുകള്‍ നേടി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. മികച്ച ഇംഗ്ലിഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ഗോള്‍ഡന്‍ ഗ്ലോബില്‍ ചിത്രം നാമനിർദേശം ചെയ്യപ്പെട്ടത്. സംവിധാനത്തിന് ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഒരാൾക്ക് ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിക്കുന്നതെന്ന ചരിത്രവും പായല്‍ കപാഡിയ കുറിച്ചു.(All We Imagine As Light movie got Golden Globes nominations)
2023-ലെ കാനിൽ ഗ്രാൻഡ് പ്രിക്സ് അവാർഡായിരുന്നു ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ നേടിയത്. കൂടാതെ ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിളിൽ മികച്ച ഇൻ്റർനാഷണൽ ഫീച്ചറിനുള്ള അവാർഡും 2024 ലെ ഏഷ്യാ പസഫിക് സ്‌ക്രീൻ അവാർഡ്സിൽ ജൂറി ഗ്രാൻഡ് പ്രൈസും ചിത്രം കരസ്ഥമാക്കിയിരുന്നു.
കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത്. മുംബൈയില്‍ നഴ്സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അടുത്തിടെ ചിത്രം ‘പ്രഭയായ് നിനച്ചതെല്ലാം’ എന്ന പേരിൽ തിയേറ്ററുകളിലെത്തിയിരുന്നു.