വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ കര്‍ദിനാളായി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് അധികാരമേറ്റു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മികത്വം വഹിച്ചു. കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്ന 21 പേരെ അഭിസംബോധന ചെയ്ത് മാര്‍പാപ്പ സംസാരിച്ചു.(Kerala-born Mar George Koovakkatt elevated to Cardinal)
മാര്‍പാപ്പയാണ് കർദിനാളുമാരെ സ്ഥാന ചിഹ്നങ്ങൾ ധരിപ്പിച്ചത്. ഇരുപതാമനായാണ് മാർ ജോർജ് ജേക്കബ് കൂവക്കാടിനെ സീറോ മലബാര്‍ സഭയുടെ സ്ഥാന ചിഹ്നങ്ങൾ അണിയിച്ചത്. പൗരസ്ത്യ പാരമ്പര്യ പ്രകാരമുള്ള തൊപ്പിയും മോതിരവും അധികാരപത്രവും മാര്‍ ജോര്‍ജ് കൂവക്കാട് ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈമാറി. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി കറുപ്പിലും ചുവപ്പിലും ഉള്ളതായിരുന്നു ജോർജ് ജേക്കബിന്‍റെ തലപ്പാവ്.
ദൈവത്തിന് എളിമയോടെ ഹൃദയം സമർപ്പിക്കണമെന്നും മറ്റുള്ളവരെക്കുറിച്ച് കരുതൽ വേണമെന്നും പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാനുള്ള വഴിയാണ് നമ്മുടെ മുന്നിലുള്ളതെന്നും നിയുക്ത കർദിനാൾമാരോട് ഫ്രാൻസിസ് മാർപ്പാപ്പ ആഹ്വാനം ചെയ്തു.