അബുദാബി: രാജ്യത്തെ സ്വാഭാവിക പ്രകൃതിയെ ശക്തിപ്പെടുത്താനും ശുദ്ധജല സ്രോതസുകളുടെ നിലനിൽപിനുമായി മഴ ലഭിക്കാൻ, യുഎഇയിൽ ഇന്ന് കൂട്ട പ്രാർത്ഥനകൾ നടക്കും.
യുഎഇ പ്രസിഡന്റിന്റെ ആഹ്വാനപ്രകാരമാണ് ഇന്ന് രാജ്യത്തെ പള്ളികളിൽ പ്രത്യേക പ്രാർത്ഥന നടത്തുന്നത്. രാവിലെ 11 മണിക്കാണ് പ്രാർത്ഥനയ്ക്കായി വിശ്വാസികൾ പള്ളികളിൽ ഒരുമിച്ച് കൂടുന്നത്.
നിലവിൽ ചൂട് അവസാനിച്ച്, തണുത്ത കാലാവസ്ഥയാണ് യുഎഇയിലേത്. ഏപ്രിലിന് മുൻപായി, സുഖകരമായ കാലാവസ്ഥയുള്ള ഇനിയുള്ള മാസങ്ങളിലാണ് രാജ്യത്തെ മഴയുടെ നല്ലൊരു പങ്കും ലഭിക്കുക.
കഴിഞ്ഞ സീസണിൽ അതി ശക്തമായ മഴ ലഭിച്ചത് ഏപ്രിലിലായിരുന്നു. രാജ്യത്തെ സ്വാഭാവിക പ്രകൃതിയെ ശക്തിപ്പെടുത്താനും ശുദ്ധജല സ്രോതസുകളുടെ നിലനിൽപ്പിനും മഴ കൂടിയെ തീരു.
രാജ്യത്ത് മഴ പെയ്യാൻ പ്രാർത്ഥിക്കാൻ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ആഹ്വാനം ചെയ്തത്. അറബിയില്‍ സലാത്തുൽ ഇസ്തിസ്ഖ എന്ന് അറിയപ്പെടുന്ന മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന, രാവിലെ 11 മണിക്കാണ് നടക്കുക.
പള്ളികളിൽ ഒത്തുചേർന്ന് പ്രാർത്ഥനകളുണ്ടാകും. അറബ് രാജ്യങ്ങളിൽ സാധാരണമാണ് മഴയ്ക്കായുള്ള സമൂഹ പ്രാർത്ഥനകൾ. മഴയ്ക്കായുള്ള ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങളും നടക്കും.