കെ.എസ്.ആർ.ടി.സി. ഡിപ്പോകളും ബസുകളും മാലിന്യമുക്തമാക്കാൻ തയ്യാറെടുക്കുന്നു. ഡിപ്പോകളിൽ മാലിന്യ സംസ്കരണത്തിനും മലിനജലശുദ്ധീകരണത്തിനും പ്ലാന്റുകൾ സ്ഥാപിക്കാനാണ് പദ്ധതി. ‘മാലിന്യമുക്തം നവകേരളം’ എന്ന പരിപാടിയുടെ ഭാഗമായി ഈ നടപടികൾ സ്വീകരിക്കുകയാണ്. KSRTC depots and buses become garbage-free
മന്ത്രിമാരായ എം.ബി. രാജേഷിന്റെയും കെ.ബി. ഗണേഷ് കുമാറിന്റെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. കെ.എസ്.ആർ.ടി.സി. ബസുകളിൽ മാലിന്യം വലിച്ചെറിയാതിരിക്കാൻ പെട്ടികൾ സ്ഥാപിക്കും. ‘മാലിന്യം വലിച്ചെറിയരുത്’ എന്ന ബോർഡുകളും സ്ഥാപിക്കും.
ഡിപ്പോകളിലും മാലിന്യപ്പെട്ടികളും മാലിന്യസംസ്കരണ സംവിധാനങ്ങളും ഒരുക്കും. തദ്ദേശസ്വയംഭരണവകുപ്പിന്റെ സഹായവും ഉപയോഗപ്പെടുത്തും. തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രധാന ഡിപ്പോകളിൽ ഇ.ടി.പി.കൾ (എഫ്ളുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്) തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
മൊബൈൽ ഇ.ടി.പി.യുടെ ലഭ്യതയും പരിശോധിക്കാനാണ് മന്ത്രിമാർ നിർദ്ദേശിച്ചിരിക്കുന്നത്. വാഹനങ്ങൾ കഴുകുന്ന വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കാനുള്ള സാധ്യതയും പരിശോധിക്കേണ്ടതായും യോഗത്തിൽ ചർച്ചയായി. ഡിപ്പോകളിലെ ശൗചാലയങ്ങളുടെ സ്ഥിതിയും യോഗത്തിൽ പരിഗണിക്കപ്പെട്ടു.