തിരുവനന്തപുരം: സിപിഎം സമ്മേളനത്തിൻ്റെ ഭാഗമായി നടുറോഡിൽ സ്റ്റേജ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. സിപിഎമ്മിന്റെ പാളയം ഏരിയാ സമ്മേളനത്തിനായി വഞ്ചിയൂർ കോടതി പരിസരത്താണ് റോഡിന്റെ ഒരു ഭാഗം അടച്ച് സ്റ്റേജ് നിർമ്മിച്ചത്.
മാധ്യമങ്ങളിൽ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് വഞ്ചിയൂർ പൊലീസ് സ്വമേധയാ കേസെടുത്തത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനാണ് പോലീസ് കേസെടുത്തത്.
അനധികൃത സംഘം ചേരൽ, ഗതാഗത തടസ്സം, പോലീസിനോട് അപമര്യാദയായി പെരുമാറൽ എന്നീ കുറ്റങ്ങൾ ചുമത്തി കണ്ടാലറിയാവുന്ന 500 പേർക്കെതിരെയാണ് പോലീസ്കേസ് എടുത്തത്.
വഞ്ചിയൂർ കോടതി പരിസരത്ത് റോഡിന്റെ ഒരു ഭാഗം മറച്ചുകെട്ടിയാണ് സമ്മേളന വേദി ഒരുക്കിയത്. അധികൃതരിൽനിന്ന് യാതൊരു വിത അനുമതിയും വാങ്ങാതെയാണ് നടുറോഡിൽ സ്റ്റേജ് നിർമ്മിച്ചതെന്ന വാർത്ത പുറത്തുവന്നിരുന്നു. നേരത്തെ ഇതു സംബന്ധിച്ച് വ്യക്തമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുന്ന സമീപനമായിരുന്നു പൊലീസ് സ്വീകരിച്ചത്.
വേദിക്ക് സമീപം ആശുപത്രിയും സ്‌കൂളും ഉണ്ട്. റോഡിന്റെ ഒരു വശം കെട്ടിയടച്ച് വേദി തീർത്തതോടെ വൻ ഗതാഗതക്കുരുക്കായിരുന്നു. ആംബുലൻസുകൾ അടക്കം നൂറുകണക്കിനു വാഹനങ്ങളാണ് ഗതാഗത കുരുക്കിൽപ്പെട്ടത്. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ വാഹനങ്ങളിൽ കുടുങ്ങി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആണ് ഇവിടെ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. എല്ലാ അനുമതിയും വാങ്ങിയാണ് പന്തൽ കെട്ടിയിരിക്കുന്നതെന്നാണ് പാർട്ടി പ്രവർത്തകർ അറിയിച്ചത്.