ആലപ്പുഴ: ഭാര്യ വീട്ടിൽവെച്ച് യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ വിഷ്ണു (34)വിന്റെ കൊലപാതകത്തിൽ ഭാര്യ ആറാട്ടുപുഴ തറയിൽക്കടവ് തണ്ടാശ്ശേരിൽ വീട്ടിൽ ആതിര (31) , പിതൃസഹോദരങ്ങളായ തണ്ടാശ്ശേരിൽ ബാബുരാജ് (55), പദ്മൻ (53), പൊടിമോൻ (51) എന്നിവരെയാണ് ഹരിപ്പാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.(young man was beaten to death at wife’s house; accused including his wife were remanded)
ആതിരയെ കൊട്ടാരക്കര സബ് ജയിലേക്കും മറ്റുള്ളവരെ മാവേലിക്കര സബ് ജയിലേക്കുമാണ് അയച്ചത്. കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് ഭാര്യവീട്ടിലെത്തിയ വിഷ്ണുവിനെ മർദിച്ചു കൊലപ്പെടുത്തിയത്. ഒന്നര വർഷത്തിലേറെയായി വിഷ്ണുവും ആതിരയും പിണങ്ങിയാണ് കഴിയുകയാണ്. ഇവർക്ക് ഏഴു വയസ്സുളള കുട്ടിയുണ്ട്. അവധി ദിവസങ്ങളിൽ വീട്ടിലേക്ക് കൊണ്ട് വരുന്ന കുട്ടിയെ തിരികെ വിടാനായി എത്തിയപ്പോഴാണ് വിഷ്ണുവും ഭാര്യ ആതിരയും തമ്മിൽ തർക്കം ഉണ്ടായത്.
തുടർന്ന് ആതിരയും ബന്ധുക്കളും ചേർന്ന് വിഷ്ണുവിനെ മർദിക്കുകയായിരുന്നു. തലയ്ക്കടിയേറ്റ് അബോധാവസ്ഥയിലായ വിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അമ്മ അച്ഛനെ തടിക്കഷ്ണം കൊണ്ട് തലയ്ക്കടിക്കുന്നത് കണ്ടുവെന്ന മകളുടെ മൊഴി കേസിൽ ഏറെ നിർണായകമായി.