കൊച്ചി: പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയാണെന്ന വിവരം പോലീസിനെ അറിയിക്കാതെ മറച്ചു വെച്ച അമ്മക്കെതിരായ പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി. ഇത്തരം സന്ദർഭങ്ങളിൽ അമ്മക്കെതിരെ എടുക്കുന്ന കേസ് ആഴത്തിലുള്ള മുറിവിൽ മുളകു പുരട്ടുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എ ബദറുദ്ദീനാണ് കേസ് റദ്ദാക്കിയതായി ഉത്തരവിട്ടത്.(High Court quashes POCSO case against mother)
തൃശൂർ അഡീഷണൽ ജില്ലാ കോടതിയിലെ തുടർ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. 17കാരിയായ മകൾ 18 ആഴ്ച ഗർഭിണിയാണെന്നത് പൊലീസിനെ അറിയിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അമ്മയ്ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 2021 മെയ് 31നു ആണ് വയറു വേദനയെ തുടർന്നു മകളെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്നു അറിഞ്ഞത്.
കേസിൽ കുട്ടിയെ പീഡനത്തിനു ഇരയാക്കിയ ആളാണ് ഒന്നാം പ്രതി. വിവരം അറിയിച്ചില്ലെന്നതിന്റെ പേരിൽ അമ്മയെ രണ്ടാം പ്രതിയുമാക്കി. കേസ് എടുക്കുകയായിരുന്നു. എന്നാൽ ഈ കേസിൽ അമ്മ മനഃപൂർവം വിവരം പൊലീസിനെ അറിയിച്ചില്ല എന്ന പറയാനാകില്ലെന്നു കോടതി വ്യക്തമാക്കി.