പെർത്ത്: പെർത്ത് പേസ് ബോളർമാരുടെ പറുദീസയായി മാറിയതോടെ ഓസിസ് 104 റൺസിന് ഓൾഔട്ട്. നായകൻ ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 46 റൺസായി. ഹർഷിദ് റാണ മൂന്നും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തിയാണ് ഓസിസിനെ തകർത്തത്. ഇന്ത്യയുടെ പേസ് ബൗളിങിന് മുന്നിൽ പേരുകേട്ട ഓസിസ് ബാറ്റർമാർ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു.
രണ്ടാം ദിവസത്തെ കളി തുടങ്ങി മൂന്നു റൺസ് കൂടി ചേർക്കുമ്പോഴേയ്ക്കും എട്ടാം വിക്കറ്റും നഷ്ടമായി. 41 പന്തിൽ മൂന്നു ഫോർ സഹിതം 21 റൺസുമായി ഓസീസിന്റെ അലക്‌സ് ക്യാരിയാണ് ആദ്യം മടങ്ങിയത്. ഇന്ത്യൻ നായകൻ ജസ്പ്രീത് ബുംറയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് സുന്ദരമായ ക്യാച്ച് സമ്മാനിച്ചായിരുന്നു ക്യാരിയുടെ മടക്കം.
തൊട്ടുപിന്നാലെ തന്നെ നഥാൻ ലയോണും മടങ്ങിയതോടെ പതനം പൂർണമായി. 16 പന്തിൽ നിന്ന് അഞ്ച് റൺസ് നേടിയ ലയോണെ ഹർഷിദ് റാണയുടെ പന്തിൽ രാഹുൽ പിടികൂടി. ഓസിസ് നിരയിൽ മിച്ചൽ സ്റ്റാർക്ക് ആണ് ടോപ്‌സ്‌കോറർ. 26 റൺസ് എടുത്ത സ്റ്റാർക്കിനെ ഹർഷിദ് റാണയാണ് പുറത്താക്കി. 31 പന്തിൽ ഏഴ് റൺസുമായി ഹേസൽവുഡ് പുറത്താകാതെ നിന്നു.
ഓസിസിന്റെ ഒന്നാം ഇന്നിംഗ്സിൽ ഓപ്പണർ നതാൻ മക്സ്വീനിയാണ് ആദ്യം കൂടാരം കയറിയത്. പിന്നാലെ ഉസ്മാൻ ഖവാജയും വിക്കറ്റ് വലിച്ചെറിഞ്ഞു. മക്സ്വീനി 10 റൺസും ഖവാജ 8 റൺസും മാത്രമാണ് നേടിയച്. ഇരുവരേയും പുറത്താക്കിയത് ക്യപ്ടൻ ബുംറയാണ്.
ഖവാജയ്ക്ക് പിന്നാലെ എത്തിയ സ്റ്റീവ് സ്മിത്ത് ആണെങ്കിൽ ഗോൾഡൻ ഡക്കായി. സ്മിത്തിനെ ബുംറ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. പിന്നീടെത്തിയ ട്രാവിസ് ഹെഡിനെ ഹർഷിത് റാണയും മിച്ചൽ മാർഷിനെ മുഹമ്മദ് സിറാജും മടക്കിഅയക്കുകയായിരുന്നു.
ഹെഡ് 11 റൺസും മാർഷ് 6 റൺസും മാത്രമാണ് നേടിയത്. മർനസ് ലാബുഷെയ്ൻ 52 പന്തുകൾ നേരിട്ട് നേടിയത് 2 റൺസ്.വൻമതിൽ തീർത്ത താരത്തെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. പിന്നാലെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും മടങ്ങി. മടക്കിയത് ബുംറയായിരുന്നു. താരം ആകെ 3 റൺസെടുത്തു. പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ അലക്സ് കാരി- സ്റ്റാർക്ക് സഖ്യം ഒന്നാം ദിനം അവസാനിപ്പിച്ചു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ നേടിയത് 150 റൺസായിരുന്നു. ഓസീസ് പേസ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ഇന്ത്യയുടെ മുൻനിര ബാറ്റിങ് നിര തകർന്നുവീഴുകയായിരുന്നു. പേസർ ഹെയ്‌സൽവുഡ് ആണ് വലിയ വെല്ലുവിളി ഉയർത്തിയത്.
കളി തുടങ്ങിയപ്പോൾ തന്നെ വിരാട് കോഹ്ലിയെയും ദേവ്ദത്ത് പടിക്കലിനെയും മടക്കിയത് ഹെയ്‌സൽവുഡ് ആണ്. നാല് വിക്കറ്റുകളാണ് ഓസ്സ്ട്രെലിയൻ പേസർ പിഴുതത്. മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും ഹെയ്‌സൽവുഡിന് മികച്ച പിന്തുണ നൽകിയെങ്കിലും അധികം പിടിച്ചു നിൽക്കാനായില്ല. ഇരുവരും രണ്ട് വിക്കറ്റുകൾ വീതം നേടിയത്. 49.4 ഓവറിൽ ഇന്ത്യൻ ടീം കൂടാരം കയറി.
23 പന്തുകൾ നേരിട്ട ദേവ്ദത്ത് പടിക്കൽ ജോഷ് ഹെയ്‌സൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അല്ക്‌സ് ക്യാരിയുടെ ക്യാച്ചിൽ പുറത്തായി. ജോഷ് ഹെയ്‌സൽവുഡിന്റെ പന്തിലായിരുന്നു കോഹ്ലിയുടേയും പുറത്താകൽ. യശസ്വി ജയ്‌സ്വാൾ (0), ദേവ്ദത്ത് പടിക്കൽ (0), വിരാട് കോഹ്ലി (5), കെഎൽ രാഹുൽ (26), ധ്രുവ് ജുറേൽ (11), വാഷിങ്ടൻ സുന്ദർ (4), ഋഷഭ് പന്ത് (37), ഹർഷിത് റാണ (7) എന്നിവരാണ് പുറത്തായ ഇന്ത്യൻ ബാറ്റർമാർ.
59 പന്തിൽ 41 റൺസ് നേടിയ നിതീഷ് കുമാർ റെഡ്ഡിയും ഋഷഭ് പന്തും ചെറുത്ത് നിൽപ്പ് നടത്തിയില്ലായിരുന്നെങ്കിൽ ഇന്ത്യൻ സ്‌കോർ നൂറ് കടക്കില്ലായിരുന്നു. ക്യാപ്റ്റൻ ജസ്പ്രിത് ബുംറ എട്ട് റൺസുമായി പുറത്തായി. മിച്ചൽ സ്റ്റാർക്കിന്റെ മൂന്നാം ഓവറിലെ ആദ്യ പന്തിൽതന്നെ മക്സ്വീനി ക്യാച്ചെടുത്താണ് ജയ്‌സ്വാളിനെ മടക്കിയത്.
സ്‌കോർ 47ൽ നിൽക്കെ ഡിആർഎസ് എടുത്താണ് രാഹുലിന്റെ വിക്കറ്റ് ഓസ്‌ട്രേലിയ ഉറപ്പിച്ചത്ത്. റീപ്ലേകളിൽ പന്തും ബാറ്റും ചെറിയ എഡ്ജുണ്ടെന്ന് തേർഡ് അംപയർസംശയം പ്രകടിപ്പിച്ചു. അംപയറുടെ തീരുമാനത്തിലെ അതൃപ്തി മൈതാനത്തുവച്ചു തന്നെ അറിയിച്ചാണ് താരം ഡ്രസിങ് റൂമിലേക്കു മടങ്ങിയത്.