കണ്ണൂര്‍: വനിത പോലീസ് ഉദ്യോഗസ്ഥ ദിവ്യശ്രീയുടെ കൊലയിൽ പ്രതിയായ ഭര്‍ത്താവിന്‍റെ മൊഴിയെടുത്തു.
കണ്ണൂർ കരിവെള്ളൂരിൽ വനിതാ പൊലീസ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ് രാജേഷിന്‍റെ മൊഴിയെടുത്തത്.
കോടതിയിലെ കൗൺസിലിങ്ങിനിടെ പീഡന വിവരം തുറന്ന് പറഞ്ഞതാണ് ഭാര്യയെ കൊല്ലാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് പ്രതി രാജേഷിന്‍റെ മൊഴി.
കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ ദിവ്യശ്രീയെയാണ് കഴിഞ്ഞദിവസം ഭർത്താവ് രാജേഷ് വെട്ടിക്കൊന്നത്.
ദിവ്യശ്രീയെ കൊലപ്പെടുത്താനുള്ള കാരണവും രാജേഷ് പൊലീസിന് നൽകിയ മൊഴിയിൽ വിശദമായി തന്നെ വിശദീകരിച്ചു. ദിവ്യശ്രീ വിവാഹമോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചതും കോടതിയിലെ കൗൺസിലിങ്ങിനിടെ പീഡന വിവരം തുറന്ന് പറഞ്ഞതുമാണ് ഭാര്യയെ കൊല്ലാൻ കാരണമെന്നാണ് രാജേഷിന്‍റെ മൊഴി.
മദ്യപാനവും ലഹരിമരുന്ന് ഉപയോഗവും പതിവാക്കിയ രാജേഷ് മാനസികമായും ശാരീരികമായും ഉപദ്രവിക്കാറുണ്ടെന്ന് ദിവ്യശ്രീ കൗൺസിലിങ്ങിൽ പറഞ്ഞിരുന്നു.
ഇതിൽ പ്രകോപിതനായ രാജേഷ് കൗൺസിലിങ്ങിന് ശേഷം വീട്ടിലെത്തിയ ഭാര്യയെ മുറ്റത്ത് വച്ച് വെട്ടുകയായിരുന്നുവെന്നും മൊഴി നൽകിയിട്ടുണ്ട്
ദിവ്യശ്രീയുടെ സംസ്കാരം ഇന്ന് രാവിലെ കരിവെള്ളൂരിൽ വീട്ടുവളപ്പിൽ നടക്കും.
കരിവെള്ളൂർ പലിയേരി സ്വദേശി ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജേഷിനെ പുതിയതെരുവിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
ദിവ്യശ്രീയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. തടയാനെത്തിയ ദിവ്യശ്രീയുടെ അച്ഛനെയും ഭർത്താവ് രാജേഷ് വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു.
അക്രമം തടയുന്നതിനിടെദിവ്യശ്രീയുടെ അച്ഛൻ വാസുവിന് വയറിനും കയ്യിനുമാണ് വെട്ടേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ദിവ്യശ്രീയും രാജേഷും അകന്നാണ് കഴിയിഞ്ഞിരുന്നത്. വൈകിട്ട് അഞ്ച് മണിയോടെയാണ് രാജേഷ് കരിവെള്ളൂരിലെ ദിവ്യശ്രീയുടെ വീട്ടിലെത്തി ആക്രമണം അഴിച്ചുവിട്ടത്.
കൊല്ലണമെന്ന് കരുതിക്കൂട്ടി തന്നെയായിരുന്നു രാജേഷ് ദിവ്യ ശ്രീയുടെ അടുത്തെത്തിയത്. വീട്ടിലെത്തിയയുടൻ ദിവ്യശ്രീയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച ശേഷം വെട്ടിവീഴ്ത്തി.
മുഖത്തും കഴുത്തിനും ഗുരുതരമായി വെട്ടേറ്റ ദിവ്യ ശ്രീ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. തടയാൻ ശ്രമിച്ച ദിവ്യശ്രീയുടെ അച്ഛനെയും രാജേഷ് ആക്രമിക്കുകയായിരുന്നു. പിന്നീട് വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു.
കരിവെള്ളൂരിൽ നിന്ന് നേരെ പുതിയ തെരുവിലെ ബാറിലേക്കാണ് രാജേഷ് എത്തിയത്. സ്വന്തം ഓട്ടോ ഓടിച്ചാണ് ബാറിൽ എത്തിയത്. ദിവ്യശ്രീയുടെ മരണ വിവരം അറിഞ്ഞെത്തിയ പൊലീസ് പ്രതിക്കായി തിരച്ചിൽ തുടങ്ങിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുതിയ തെരുവിലെ ബാറിൽ നിന്ന് രാജേഷ് പിടിയിലായത്. ചന്തേര പൊലീസ് സ്റ്റേഷനിൽ സിപിഒ ആയിരുന്ന ദിവ്യശ്രീ ശബരിമല ഡ്യൂട്ടിക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.