പത്തനംതിട്ട: ശബരിമല തീർത്ഥാടകരെ വനത്തിനുള്ളിൽ കുടുങ്ങി. പുല്ലുമേട് വഴി എത്തിയ തീർത്ഥാടകരാണ് കുടുങ്ങിയത്. 20 അംഗ സംഘത്തിലെ രണ്ടുപേർക്ക് ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനു പിന്നാലെ ഇവർ വനത്തിൽ കുടുങ്ങുകയായിരുന്നു എന്നാണ് വിവരം.(20 Sabarimala pilgrims trapped in forest)
ഇന്നു വൈകീട്ടാണ് തീർഥാടകർ വനത്തിൽ കുടുങ്ങിയത്. സന്നിധാനത്തുനിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിലാണു സംഭവം. ഫയർഫോഴ്‌സ്, എൻഡിആർഎഫ്, വനം വകുപ്പ് സംഘങ്ങൾ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തീർത്ഥാടകരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
പുല്ലുമേടു നിന്ന് ആറു കി.മീറ്റർ സഞ്ചരിച്ചു വേണം സന്നിധാനത്തേക്ക് എത്താൻ. വനമേഖലയായതിനാൽ തന്നെ രാത്രി ഇതുവഴിയുള്ള യാത്രയ്ക്കു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. തീർഥാടകരെ കാണാതായതിനെ തുടർന്ന് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിൽ നിന്ന് ഉദ്യോഗസ്ഥർ അന്വേഷിച്ച് എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.